കോസ്റ്റ് ഗാർഡിന്റെ കപ്പൽ കാണാൻ ബേപ്പൂർ തുറമുഖത്ത് വൻ തിരക്ക്. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോസ്റ്റ് ഗാർഡ് കപ്പൽ കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയത്. ശനിയാഴ്ച മാത്രം മൂവായിരത്തിലധികം പേർ കപ്പൽ സന്ദർശിച്ചു.
തീരത്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത കപ്പൽ കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ കൗതുകമുണർത്തി. കോസ്റ്റ് ഗാർഡ് കപ്പലിൽ ആദ്യമായി കയറുന്നതിന്റെ ത്രില്ലിലായിരുന്നു ചിലർ. മറ്റു ചിലരാകട്ടെ കപ്പൽ കാഴ്ചകൾ ആസ്വദിക്കാനുള്ള ആകാംക്ഷയിലും. നേവി, ആർമി, കോസ്റ്റ് ഗാർഡ്, പോലീസ്, മാരിടൈം ബോർഡ് എന്നീ സ്റ്റാളുകൾ തുറമുഖത്തു സജ്ജീകരിച്ചിച്ചിട്ടുണ്ട്. സ്റ്റാളുകൾ സന്ദർശിച്ച ശേഷം കപ്പലിൽ കയറാം. കപ്പലിന്റെ ബ്രിഡ്ജ് ഡെക്കിലും മെയിൻ ഡെക്കിലും കയറാനുള്ള സൗകര്യമുണ്ട്. കപ്പലിൽ കയറുന്ന സ്ത്രീകളെ ആദരസൂചകമായി സല്യൂട്ട് ചെയ്തു സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ സന്ദർശകർക്ക് ഹൃദ്യാനുഭവമായി മാറി. കപ്പലിന് മുൻവശത്തായി സജ്ജീകരിച്ച തോക്കുകൾ കാണാനാണ് വൻ തിരക്ക്. കപ്പലിന്റെ പിറകിലായി ഒരുക്കിയ സുരക്ഷാ ഉപകരണങ്ങളും മറ്റും ആളുകൾ അത്ഭുതത്തോടെ നോക്കിക്കണ്ടു.
50 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമുള്ള കപ്പലാണ് ഐ സി ജി എസ് അർണവേശ്. കപ്പൽ കാണാനെത്തുന്നവർക്ക് തീരദേശ സുരക്ഷയെക്കുറിച്ചും കോസ്റ്റ് ഗാർഡിന്റെ ദൗത്യങ്ങളെക്കുറിച്ചുമെല്ലാം കണ്ടും കേട്ടും മനസ്സിലാക്കാം. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സന്ദർശന സമയം.
നാളെ വൈകുന്നേരം ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുകളായ ഐ എൻ എസ് കൽപ്പേനി ബേപ്പൂർ തുറമുഖത്തും ഐ എൻ എസ് ശാരദ ബേപ്പൂർ പുലിമുട്ടിനു പുറത്തും നങ്കൂരമിടും. വൈകുന്നേരം 5 മണിക്ക് നേവിയുടെ ഹെലികോപ്റ്റർ ജീവൻ രക്ഷാ പ്രകടനം ബേപ്പൂർ കപ്പൽ ചാനലിൽ നടത്തും. നേവിയുടെ മുങ്ങൽ വിദഗ്ധരും ഇതിൽ പങ്കു ചേരും. പിന്നീട് ഐ എൻ എസ് ശാരദ കപ്പൽ ദീപാലങ്കാരവും ചെയ്യുമെന്നും നേവി കോസ്റ്റ് ഗാർഡ് പ്രോഗ്രാം കോർഡിനേറ്റർ ക്യാപ്റ്റൻ ഹരിദാസ് അറിയിച്ചു.