സമഗ്ര ഗോത്രവിദ്യാഭ്യാസ പുരോഗതിക്ക് മുന്‍ഗണന നല്‍കും- മന്ത്രി വി. ശിവന്‍കുട്ടി

ഗോത്രമേഖലയിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ പ്ളാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഉള്‍നാടുകളില്‍ നിന്നും കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്തുന്നതിനുള്ള യാത്രാ ക്ലേശ്ശം പരിഹരിക്കും. ഈ മേഖലയിലെ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം ഘട്ടംഘട്ടമായി ഉയര്‍ത്തും.

സംസ്ഥാനത്ത് പത്തര ലക്ഷം കുട്ടികളാണ് പുതിയതായി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിയത്. ദേശീയ തലത്തില്‍ തന്നെ കേരളത്തിലെ വിദ്യഭ്യാസ സമ്പ്രദായം മഹനീയ മാതൃകയാവുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ഓരോ വിദ്യാലയങ്ങളിലും ദൃശ്യമാണ്. പ്രകൃതി ദുരന്തങ്ങളെയും കോവിഡ് മഹാമാരിയെയും അതിജീവിച്ചുള്ള മുന്നേറ്റമാണ് വിദ്യാഭ്യാസ രംഗത്തും സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ ഭീതി പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല. കരുതലും ജാഗ്രതയും നാം തുടരണം. അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും പൊതുവിദ്യാഭ്യാസ പുരോഗതിക്ക് കൂട്ടായി പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ വളരുന്ന സമൂഹ്യ സാഹചര്യവും അധ്യാപകരും രക്ഷിതാക്കളും കൂടുതലായി ശ്രദ്ധിക്കണം. മാറുന്ന കാലത്തിനനുസരിച്ച് ക്രയശേഷി ഉയര്‍ത്തുന്നതിനായി അധ്യാപകര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ പരിശീലനം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.

ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എം.കെ.ഷാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോയ് സി ഷാജു, പഞ്ചായത്തംഗം പുഷ്പചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ജോസ് മാത്യു, പി.ടി.എ. പ്രസിഡന്റ് ഇ.എ. ബാലകൃഷ്ണന്‍ , സ്റ്റാഫ് സെക്രട്ടറി കെ.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.