*ആകെ 157 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്.

സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 3 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 2 ആശുപത്രികൾക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് പി.എച്ച്.സി. ഒഴലപ്പതി 97% സ്‌കോർ, കണ്ണൂർ പി.എച്ച്.സി. കോട്ടയം മലബാർ 95% സ്‌കോർ, കൊല്ലം പി.എച്ച്.സി. ചവറ 90% സ്‌കോർ എന്നിങ്ങനെ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടാതെ, കണ്ണൂർ എഫ്.എച്ച്.സി. ആലക്കോട് തേർത്തല്ലി 88% സ്‌കോർ, തിരുവനന്തപുരം യു.പി.എച്ച്.സി. മാമ്പഴക്കര 90% സ്‌കോർ എന്നിങ്ങനെ നേടിയാണ് പുന: അംഗീകാരം നേടിയതെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്തെ 157 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 101 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 9 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ചു വരികയാണ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും. എംഎൽഎമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 42 ആശുപത്രികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സമയ ബന്ധിതമായി ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിനും അതിലൂടെ എൻ.ക്യു.എ.എസ്., ലക്ഷ്യ സ്റ്റാൻഡേർഡ് എന്നിവ നേടിയെടുക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.