*2023 ജനുവരി 14ന് മകരവിളക്ക്

41 ദിവസത്തെ മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമലയില്‍ ഡിസംബര്‍ 27 മണ്ഡലപൂജ നടക്കും. ഡിസംബര്‍ 27 പുലര്‍ച്ചെ മൂന്നിന് നട തുറക്കും. തുടര്‍ന്ന് അഭിഷേകവും പതിവുപൂജയും നടക്കും. ഉച്ചക്ക് 12.30നും ഒരു മണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചാല്‍ വൈകുന്നേരം വീണ്ടും നടതുറക്കും.

അയ്യപ്പഭക്തര്‍ക്ക് മണ്ഡലപൂജ തൊഴുന്നതിനും തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന തൊഴുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും പോലീസും സംയുക്തമായി ഒരുക്കുന്നുണ്ട്. ഡിസംബര്‍ 27ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്.