ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ നാലാം ദിനത്തിൽ കൗതുകമുണർത്തുന്ന ഇനമായി സെയിലിംഗ് റഗാട്ടെ. പായ്‌ വഞ്ചികൾ അണിനിരന്ന ജലസാഹസിക കായിക ഇനം മത്സരാർത്ഥികൾക്കും കാണികൾക്കും ഒരുപോലെ ആവേശം പകർന്നു. മൂന്നു വിഭാഗങ്ങളിലായി 27 പായ്‌ വഞ്ചികളാണ് കടലിലിറങ്ങിയത്. വിവിധ ഘട്ടങ്ങളിലായി മത്സരാർത്ഥികൾ മാറ്റുരയ്ക്കുകയും ഓരോ ഘട്ടത്തിലെയും മാർക്കുകൾ പരിഗണിച്ചുകൊണ്ട് വിജയിയെ പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.
 
ആദ്യവിഭാഗത്തിൽ ആശിഷ് വിശ്വകർമ, കെ. രാം ദാസ്, ജി മഹേഷ്‌ എന്നിവർ കൂടുതൽ മാർക്ക് കരസ്ഥമാക്കി. ലേസർ-ടു വിഭാഗത്തിൽ ടീമുകളായാണ് മത്സരം. രണ്ടുപേരുൾപ്പെട്ട ടീം മത്സരത്തിൽ രോഹിത്, എലിയറ്റ് സഖ്യം, മാരുതി, ദുർഗ പ്രസാദ് സഖ്യം, അഭിഷേക്, നതാൽ സഖ്യം എന്നിവർ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി . അവസാന വിഭാഗത്തിൽ ആര്യൻ കർവാർ, മനോഷ്, ഋഷഭ് എന്നിവർ കൂടുതൽ മാർക്ക് നേടി ആദ്യഘട്ടത്തിൽ വിജയിച്ചു.
 
അഗ്‌നി രക്ഷാസേന, കോസ്റ്റല്‍ പോലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവർ മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിച്ചു.
ഈ മത്സരത്തിന്റെ അടുത്ത ഘട്ടങ്ങൾ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് (ഡിസംബർ 28) നടക്കും