കല്‍പ്പറ്റ ബ്ലോക്കിലെ ഈ വര്‍ഷത്തെ തരിശ് രഹിത ഗ്രാമമായി മുട്ടില്‍ ഗ്രാമ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സ്‌കറിയ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ സീനിയര്‍ റിസോഴ്സ് പേഴ്സണ്‍ എന്‍.കെ. രാജന്‍ പഞ്ചായത്തിനുള്ള മൊമന്റോ പ്രസിഡന്റിനു കൈമാറി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കുന്ന കാമ്പയിനാണ് തരിശ് രഹിത ഗ്രാമ പഞ്ചായത്ത്. ജില്ലയില്‍ ഒരോ ബ്ലോക്കിലെയും ഒരു തദ്ദേശ സ്ഥാപനം വീതം ഓരോ വര്‍ഷവും തരിശ് രഹിത ഗ്രാമമായി പ്രഖ്യാപിക്കും. പദ്ധതി പ്രകാരം മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കൃഷി യോഗ്യമായ മുഴുവന്‍ തരിശിടങ്ങളിലും കൃഷിയിറക്കിയിട്ടുണ്ട്.
ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ചന്ദ്രിക കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷാബി, മുട്ടില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നിഷാ സുധാകരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ യാക്കൂബ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരി സിറിയക്, കൃഷി ഓഫീസര്‍ കെ.ടി ശ്രീകാന്ത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബി.എസ് അനൂപ്, കൃഷി അസിസ്റ്റന്റ് ദീപാ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, കുരുമുളക് പാടശേഖകരസമിതി ഭാരവാഹികള്‍, നവകേരളം കര്‍മപദ്ധതി ഇന്റേണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.