കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ എടവക ഗ്രാമപഞ്ചായത്തില്‍ നാട്ടറിവ് ഏകദിന എഴുത്തു ശില്‍പശാല സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ.വി ഗോവിന്ദന്‍ നാട്ടറിവ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ബി.എം.സി മെമ്പറായ പി.ജെ മാനുവല്‍ എടവക ഗ്രാമപഞ്ചായത്തിലെ നാട്ടറിവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാട്ടറിവ് ശില്‍പശാലയില്‍ പങ്കെടുത്തവരില്‍ നിന്നും ഗ്രൂപ്പ്തല ചര്‍ച്ചകള്‍ നടത്തി വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് ജൈവവൈവിധ്യ മേഖലയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡെസേറ്റേഷന്‍ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിച്ചു.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. എ.വി സന്തോഷ്‌കുമാര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി സുവോളജി ഡിപ്പാര്‍ട്മെന്റ് മേധാവി ആര്‍.എസ് ഷംസുദ്ദീന്‍, ഡിസ്ട്രിക് കോര്‍ഡിനേറ്റര്‍ പി.ആര്‍ ശ്രീരാജ്, മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, ഡോ. സി. വിമല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാട്ടു വൈദ്യന്‍മാര്‍, പാരമ്പര്യ കര്‍ഷകര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.