കുടുംബശ്രീ ബാലസഭാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘ലസിതം’ കലാ ക്യാമ്പ് സമാപിച്ചു. 9 കലകളില്‍ നാനൂറിലധികം കുട്ടികള്‍ക്ക് മൂന്ന് ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് പൂക്കോട് ജവഹര്‍ നവോദയ സ്‌കൂളിലും വെറ്റിനറി കോളേജിലുമായി നടന്നു. കലാകാരന്മാരുടെ സംഘടനയായ സ്പിക്മാക്കെയുമായി ചേര്‍ന്നാണ് കുടുംബശ്രീ ലസിതം ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികളുടെ കലാ താല്‍പര്യം വളര്‍ത്തിയെടുക്കുക ഇന്ത്യന്‍ കലകളെ കുട്ടികള്‍ക്ക് കൂടുതല്‍ പരിചിതമാക്കുക എന്നീ ലക്ഷ്യങ്ങളിലാണ് കുടുംബശ്രീ ലസിതം ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുച്ച്പ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, കൂടിയാട്ടം, തോല്‍പ്പാവക്കൂത്ത്, ഒഡീസി, മ്യൂറല്‍ പെയിന്റിംഗ്, കളരിപ്പയറ്റ്, യോഗ തുടങ്ങിയവയിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.

പട്ടിക വര്‍ഗ്ഗ മേഖലയില്‍ നിന്നുള്ള 270 ലധികം കുട്ടികള്‍ ക്യാമ്പില്‍ ഈ മുഖ്യധാരാ കലാരൂപങ്ങള്‍ അഭ്യസിച്ചു. ജില്ലയിലെ കുടുംബശ്രീയുടെ മൂന്നാമത്തെ ലസിതം ക്യാമ്പാണ് സമാപിച്ചത്. ക്യാമ്പിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. ജവഹര്‍ നവോദയ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ വി. ജാന്‍സി മുഖ്യാതിഥിയായി. രണ്ടുദിവസത്തെ പരിശീലനത്തിനു ശേഷം മുഴുവന്‍ കുട്ടികളുടെയും അവതരണം വെറ്റിനറി കോളേജിലെ കബനി ഓഡിറ്റോറിയത്തില്‍ അരങ്ങേറി. എല്ലാ ദിവസവും ക്യാമ്പിനോട് അനുബന്ധിച്ച് വിവിധ കലാരൂപങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. വൈവിധ്യമാര്‍ന്ന കലകളുടെ ഈ സമന്വയം ബാലസഭ കുട്ടികള്‍ക്ക് പുതിയ ഊര്‍ജ്ജവും ഉണര്‍വും നല്‍കുന്നതായിരുന്നു. സ്പിക്മാക്കെ നോര്‍ത്ത് കേരള ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ഉണ്ണി വാരിയര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ ബിജോയ്, ബാലസഭ സംസ്ഥാന ആര്‍.പി സി.കെ പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.