* സഹകരണമേഖലയുടെ ശേഷി ദുരന്തബാധിതര്‍ക്ക് സഹായമാകും -മുഖ്യമന്ത്രി
സഹകരണ മേഖലയുടെ കരുത്ത് ശരിയായി വിനിയോഗിച്ചാല്‍ ദുരിതബാധിതര്‍ക്കത് സഹായമാകുമെന്നതിന്റെ തെളിവാണ് ‘കെയര്‍ കേരള’ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാതൃകാപരമായ ഇടപെടലാണിത്. കേരള പുനര്‍നിര്‍മാണത്തിന് സഹകരണവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിന് സഹായങ്ങളുമായി നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്. ഇത് കൃതജ്ഞതയോടെയാണ് സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ ആ സഹായങ്ങള്‍ മാത്രം പര്യാപ്തമാകില്ല. ആ സാഹചര്യത്തിലാണ് പ്രായോഗികമായ നിര്‍ദേശം സഹകരണവകുപ്പ് മുന്നോട്ടുവെച്ചത്. ‘കോ-ഓപറേറ്റീവ് അലയന്‍സ് ടു റീബില്‍ഡ് കേരള’ എന്ന പദ്ധതി ‘കെയര്‍ കേരള’ പദ്ധതി വഴി ആദ്യഘട്ടത്തില്‍ 1500 വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. എന്നാല്‍, മേഖലയുടെ കരുത്ത് ശരിയായി വിനിയോഗിച്ചാല്‍ ഇതിന്റെ ഇരട്ടിയിലധികം ലക്ഷ്യം നേടാനാകും. വീട് നിര്‍മിക്കുന്ന പദ്ധതിക്ക് ‘കെയര്‍ ഹോം’ എന്നാണ് പേര്.
75 കോടിയിലധികം രൂപ ഇതിനായി വേണ്ടിവരും. 1000 സഹകരണസംഘങ്ങളില്‍നിന്ന് രണ്ടുലക്ഷം രൂപ വീതവും, 1000 സംഘങ്ങളില്‍നിന്ന് ഒരുലക്ഷം രൂപ വീതവും, 2000 സംഘങ്ങളില്‍നിന്ന് 50,000 രൂപ വീതവും സഹകരണവകുപ്പിന്റെ കൈവശമുള്ള മെമ്പര്‍ റിലീഫ് ഫണ്ടില്‍നിന്ന് 35 കോടിയും ഇതിനായി കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം സഹകരണ സംഘങ്ങള്‍ ഡിവിഡന്റ് കൂടി സംഭാവന ചെയ്യാന്‍ തയാറായാല്‍ വലിയ തുക വരും. ഭൂമിയുടെ ലഭ്യത, ഗുണഭോക്താക്കളുടെ താത്പര്യം തുടങ്ങിയ പരിഗണിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെയടക്കം സഹായവും സ്വീകരിച്ചാകും നിര്‍മാണം. മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വീട് നിര്‍മാണത്തിന് ഗുണഭോക്താക്കളെ സഹകരണ സംഘങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാകില്ല, പട്ടിക സര്‍ക്കാര്‍ നല്‍കും.
‘കെയര്‍ ലോണ്‍’ എന്ന പേരില്‍ പ്രളയ ദുരന്ത ബാധിതര്‍ക്ക് വായ്പാ പദ്ധതി, ‘കെയര്‍ ഗ്രേസ്’ എന്ന പേരില്‍ ദുരിതബാധിതര്‍ക്കുള്ള സേവന പദ്ധതി എന്നിവയും നടപ്പാക്കുന്നുണ്ട്.
ദുരന്തത്തില്‍നിന്ന് നാടിന്റെ വീണ്ടെടുപ്പ് മാത്രമല്ല, പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഒന്‍പതുശതമാനം പലിശനിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതിയാണ് ‘കെയര്‍ ലോണ്‍’. പലിശ സര്‍ക്കാര്‍ വഹിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിന് പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ വഴി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായി വായ്പ നല്‍കും.
‘കെയര്‍ ഗ്രേസ്’ പദ്ധതി വഴി പ്രളയദുരിതബാധിതരായ ജനങ്ങളുടെ ആരോഗ്യസംരക്ഷണം, കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കല്‍, പൊതുസേവനങ്ങള്‍ എന്നിവ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.എ.സി.എസ് അസോസിയേഷന്‍ പ്രസിഡന്റ് വി. ജോയ് എം.എല്‍.എ, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാര്‍/സെക്രട്ടറിമാര്‍ , സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്തയോഗത്തിലാണ് വകുപ്പ് ആവിഷ്‌കരിക്കുന്ന വിവിധ പദ്ധതികള്‍ വിശദീകരിച്ചത്.