സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയുടെ റെഡ് അലേര്‍ട്ട് നിര്‍ദ്ദേശപ്രകാരം ജില്ലയിലെ 5 താലൂക്കുകളിലും ജില്ലാ കേന്ദ്രത്തിലും നടത്തിയ മോക്ഡ്രില്‍ ആദ്യം ആശങ്കയ്ക്കും പിന്നെ ആകാംക്ഷയ്ക്കും ഒടുവില്‍ ആശ്വാസത്തിനും വഴിമാറി. ജില്ലയില്‍ മണ്ണിടിച്ചില്‍ – ഉരുള്‍പൊട്ടല്‍ മോക്ഡ്രില്‍ നടത്താനായിരുന്നു നിര്‍ദ്ദേശം. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് തുടങ്ങിയവര്‍ ജില്ലാ ദുരന്തനിവാരണ കേന്ദ്രത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. കൂടാതെ പോലീസ്, ഫയര്‍ ഫോഴ്സ്, മീഡിയ അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും വകുപ്പുകളുടെ തലവന്‍മാരും അവരുടെ സഹായികളും മറ്റംഗങ്ങളും ജില്ലാ കേന്ദ്രത്തിലുണ്ടായിരുന്നു.

കളക്ട്രേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ ജില്ലാതല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഇന്‍സിഡന്റ് കമാന്റ് പോസ്റ്റ്, ഓപ്പറേഷന്‍ ഡെസ്‌ക്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡെസ്‌ക്, പ്ലാനിങ് സെക്ഷന്‍, ലോജിസ്റ്റിക് സെക്ഷന്‍, സപ്പോര്‍ട്ട് ബ്രാഞ്ച്, ഫിനാന്‍സ് ബ്രാഞ്ച് എന്നിവ സജ്ജീകരിച്ചിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ ഏകോപനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല മോക്ക് എക്സര്‍സയിസിനോട് അനുബന്ധിച്ചാണ് ജില്ലയില്‍ മോക്ഡ്രില്‍ നടത്തിയത്. മണ്ണിടിച്ചില്‍ സംഭവിച്ചാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനം എങ്ങനെ നടത്തണം എന്നതായിരുന്നു ജില്ലയില്‍ മോക്ഡ്രില്‍ നിര്‍ദ്ദേശം. കുടയത്തൂര്‍ മാളിയേക്കല്‍ കോളനി, കല്‍കൂന്തല്‍ വില്ലേജ്, ചോറ്റുപാറ, മൂന്നാര്‍ ന്യൂ കോളനി, കട്ടപ്പന മുനിസിപ്പല്‍ ഗ്രൗണ്ട് എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് മോക്ഡ്രില്‍ നടത്തിയത്.

മോക്ഡ്രില്ലിന് ശേഷം നടന്ന അവലോകന യോഗത്തില്‍ ജില്ല കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, എ.ഡി.എം ഷൈജു പി. ജേക്കബ്, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, നിരീക്ഷകരായ ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വികേന്ദ്രീകൃത ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമാക്കാനും ബദല്‍ പാതകള്‍, ആശയ വിനിമയ സംവിധാനങ്ങള്‍ എന്നിവ ജില്ലയില്‍ മെച്ചപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.

ഇടുക്കി താലൂക്ക്

ഇടുക്കി താലൂക്കില്‍ കട്ടപ്പന വില്ലേജില്‍ കട്ടപ്പന മുനിസിപ്പാലിറ്റി ഓഫീസിന് സമീപത്ത് വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായതായാണ് മോക്ഡ്രില്‍ നടത്തിയത്. കട്ടപ്പന മേഖലയിലെ 10 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിക്കുകയും ആളുകള്‍ക്ക് അപകടം ഉണ്ടാകും ചെയ്ത വിവരം റിപ്പോര്‍ട്ട് ചെയ്ത അടിസ്ഥാനത്തില്‍ പോലീസ്, ഫയര്‍ഫോഴ്സ്, താലൂക്ക് ഹോസ്പിറ്റല്‍, കെഎസ്ഇബി, ആനിമല്‍ ഹസ്ബന്‍ഡറി, ഇന്‍ഫര്‍മേഷന്‍ എന്നീ വകുപ്പുകള്‍ വിവരം അറിയിച്ചു. പോലീസ്, ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി.
കട്ടപ്പന മുന്‍സിപ്പല്‍ ഗ്രൗണ്ടില്‍ എയര്‍ഡ്രോപ്പും ആകാശമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനവും ആസൂത്രണം ചെയ്തിരുന്നു. നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍, ഡിവൈ.എസ്.പി നിഷാദ് മോന്‍, സി.ഐ വിശാല്‍ ജോണ്‍സണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജിസാന്ത് ബി ജെയിംസ്, നഗരസഭ സെക്രട്ടറി പ്രകാശ് കുമാര്‍ പാങ്ങോട് മിലിറ്ററി ക്യാമ്പിലെ ഒബ്സര്‍വര്‍ എല്‍ എസ് തോമസ് മോക്ക്ഡ്രില്ലിന് നേതൃത്വം നല്‍കി.

ഉുടമ്പഞ്ചോല താലൂക്ക്

ഉടുമ്പഞ്ചോല താലൂക്കില്‍ കല്‍ക്കൂന്തല്‍ വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായി എന്ന വിവരം ലഭിച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഫയര്‍ഫോഴ്‌സും മെഡിക്കല്‍ സംഘവും പൊലീസ് സേനയും ദുരന്ത മുഖത്തേക്ക് പാഞ്ഞെത്തി. മണ്ണിടിച്ചിലില്‍ അകപ്പെട്ടു പരിക്ക് പറ്റിയ മൂന്നുപേരെയും മണ്ണിനടിയില്‍പ്പെട്ടുപോയ ഒരാളെയും ഫയര്‍ഫോഴ്‌സ് റെസ്‌ക്യൂ ടീം അംഗങ്ങള്‍ തെരച്ചിലില്‍ കണ്ടെത്തി സ്‌ട്രെച്ചറില്‍ തൊട്ടു താഴെയായുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് സുരക്ഷിതമായി മാറ്റി. തുടര്‍ന്ന് ആരോഗ്യ സംഘത്തിന്റെ നേതൃത്വത്തില്‍ അപകടത്തില്‍പെട്ടവര്‍ക്ക് പ്രാഥമിക ശുശ്രുഷകള്‍ നല്‍കിയും കൂടുതല്‍ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതുമാണ് മോക്ഡ്രില്ലില്‍ നടത്തിയത്. സുബേദര്‍ എച്ച് വിനോദ് കുമാര്‍, നെടുംകണ്ടം പോലീസ് സ്റ്റേഷന്‍ സി ഐ ബിനു ബി എസ്, എസ് ഐ ചാക്കോ പി. ജെ. എന്നിവരുടെ നേതൃത്വത്തില്‍ 16 അംഗ പോലീസ് സംഘവും ഫയര്‍ ഓഫീസര്‍ സുനില്‍ കുമാറും സീനിയര്‍ ഫയര്‍ ഓഫീസര്‍ മഹേഷ് ഇ യുടെയും നേതൃത്വത്തിലുള്ള ഒമ്പത് അംഗ ഫയര്‍ഫോഴ്‌സ് സംഘവും സപ്ലൈ ഓഫീസര്‍ രവികുമാര്‍ കെ. സി. യുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘവും നെടുംകണ്ടം താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. അഭിലാഷും ഡോ. രാഹുല്‍ സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ട് അംഗ സംഘവും റവന്യു, ഇലെക്ട്രിസിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരില്‍ നിന്നും പരിശീലനം ലഭിച്ച സന്നദ്ധ സേവന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.

പീരുമേട് താലൂക്ക്

പ്രളയത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രവര്‍ത്തന രീതികളും പൊതുജനങ്ങള്‍ക്ക് മനസിലാക്കാനും അടിയന്തിര സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനുമായി സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയുടെ നിര്‍ദ്ദേശപ്രകാരം പീരുമേട് താലൂക്കില്‍ നടത്തിയ മോക്ഡ്രില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. മണ്ണിടിച്ചിലുണ്ടാകുന്ന ഘട്ടങ്ങളില്‍ അടിയന്തരമായി നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങളും സുരക്ഷാ മുന്‍കരുതലും പ്രതീകാത്മകമായി സൃഷ്ടിച്ചുകൊണ്ടായിരുന്നു മോക്ക് ഡ്രില്‍ നടത്തിയത്. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മോക്ഡ്രില്‍ നടത്തിയത്. മോക്ഡ്രില്ലിന്റെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്തതോടെ കുമളി പോലീസ് ചോറ്റുപാറയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗ് ആരംഭിച്ചിരുന്നു. ചോറ്റുപാറയില്‍ എന്‍.എച്ചില്‍ മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായി എന്ന വിവരം ലഭിച്ച് നിമിഷങ്ങള്‍ക്കകം പട്രോളിംഗ് സംഘം അവിടേക്ക് തിരിക്കുകയും പോലീസ് സ്റ്റേഷനില്‍ നിന്നും രണ്ടാമത്തെ സംഘത്തോട് സ്ഥലത്ത് എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഒപ്പം ഫയര്‍ഫോഴ്‌സും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. സംഭവ സ്ഥലത്തെത്തി ചേര്‍ന്ന കുമളി എസ് എച്ച് ഒ ജോബിന്‍ ആന്റണിയും സംഘവും വണ്ടിപ്പെരിയാര്‍ പോലീസ് എസ് എച്ച് ഒ ഫിലിപ്പ് സാമും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയും മണ്ണിനടിയില്‍പ്പെട്ട രണ്ടുപേര്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു. പരിക്കുപറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചു. ആംബുലന്‍സിനുള്ളില്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ സൗകര്യങ്ങള്‍ ഒരുക്കി. ഗുരുതര പരിക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ചോറ്റുപാറയില്‍ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവരെയും ദുരന്തസാധ്യത പ്രദേശങ്ങളില്‍ കഴിഞ്ഞിരുന്നവരെയും സുരക്ഷിതസ്ഥാനത്തെക്ക് മാറ്റുന്നതിനായി പോലീസ് അന്നൗന്‍സ്മെന്റ് നടത്തി. പോലീസ് വാഹനത്തിലും മറ്റു വാഹനങ്ങളിലുമായി വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചു. ഓരോ ഘട്ടത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വയര്‍ലസ് സംവിധാനത്തിലൂടെ കൈമാറി. മോക്ഡ്രില്ലില്‍ വണ്ടിപ്പെരിയാര്‍ എസ് എച്ച് ഒ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള സംഘവും കുമളി എസ് എച്ച് ഒ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘവും വണ്ടിപ്പെരിയാര്‍ സി എച്ച് സിയില്‍ നിന്നും കുമളി എഫ് എച്ച് സിയില്‍ നിന്നുമായി മെഡിക്കല്‍ സംഘവും രണ്ട് ആംബുലന്‍സും ഫയര്‍ഫോഴ്സിന്റെ സംഘവും റവന്യൂവിന്റെ സംഘവും മോക്ഡ്രില്ല് സംഭവസ്ഥലത്തുണ്ടായിരുന്നു.

ദേവികുളം താലൂക്ക്

ദേവികുളം താലൂക്കില്‍ മൂന്നാര്‍ ന്യൂ കോളനിയിലായിരുന്നു മോക്ഡ്രില്ലിനായുള്ള ദുരന്ത മേഖല തിരഞ്ഞെടുത്തത്. ദുരന്ത സമാന സാഹചര്യം സൃഷ്ടിച്ച് പോലീസും ഫയര്‍ഫോഴ്സും മറ്റിതര വകുപ്പുകളും കര്‍മ്മനിരതരായി.പരിക്കേറ്റവരെ വേഗത്തില്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നത് സേനയുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തതോടെ കോളനിയില്‍ ആവിക്ഷ്‌ക്കരിച്ചു. മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിലായിരുന്നു ക്യാമ്പിന് സമാനമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നത്. മെഡിക്കല്‍ റൂം, കമാന്‍ഡിംഗ് പോസ്റ്റ്, സ്റ്റേജിംഗ് ഏരിയ, റിലീഫ് ക്യാമ്പ് എന്നിവ പ്രതീകാത്മകമായി കോളേജില്‍ സജ്ജീകരിച്ചിരുന്നു. പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, പഞ്ചായത്ത്, വൈദ്യുതി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, വാട്ടര്‍ അതോററ്റി, സിവില്‍ സപ്ലൈസ് വകുപ്പ് തുടങ്ങിയവയൊക്കെയുമായി സഹകരിച്ചായിരുന്നു മോക്ഡ്രില്‍ സംഘടിപ്പിച്ചത്. അമ്പതിനടുത്ത വാളന്റിയേഴ്സും മോക്ഡ്രില്ലില്‍ സംബന്ധിച്ചു.

തൊടുപുഴ താലൂക്ക്

ദുരന്തനിവാരണ പരിശീലനത്തിനായി തൊടുപുഴ താലൂക്കില്‍ സംഘടിപ്പിച്ച മോക്ക്ഡ്രില്ലിന്റെ ഭാഗമായാണ് കുടയത്തൂര്‍ പഞ്ചായത്തിലെ കാഞ്ഞാര്‍ ചപ്പാത്തില്‍ ഉരുള്‍പൊട്ടല്‍ പ്രതീകാത്മകമായി ആവിഷ്‌കരിക്കുകയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത്. പരിപാടിയുടെ ഭാഗമായി രാവിലെ 9 മണിയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് ‘ഉരുള്‍പൊട്ടല്‍’ സംഭവിച്ചു. ഉടന്‍തന്നെ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദുരന്തനിവാരണ ഓഫീസില്‍ വിവരം എത്തി. അവിടുന്ന് വിവിധ വകുപ്പുകളിലേക്ക് വിവരം എത്തിച്ചു. അഗ്നിശമന സേനയും പോലീസും ആദ്യ ആംബുലന്‍സും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഗ്നിരക്ഷാ സേനയുടെ രക്ഷാപ്രവര്‍ത്തനത്തിന് പുറമെ മണ്ണ് നീക്കിയുള്ള തിരച്ചിലിനായി ജെസിബിയും എത്തിച്ചു. സുശക്തമായ മെഡിക്കല്‍ സംഘവും സംഭവസ്ഥലത്ത് എത്തി. അടിയന്തര വൈദ്യസഹായം നല്‍കി.

മോക്ക്ഡ്രില്ലിന്റെ ഭാഗമായി കുടയത്തൂര്‍ ഗവ. ന്യൂ എല്‍.പി സ്‌കുളില്‍ ഒരു ‘ക്യാമ്പും’ തുറന്നു. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ദുരന്ത ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു തുടര്‍ന്ന് അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് മെഡിക്കല്‍ എയ്ഡ് പോസ്റ്റും തുറന്നിരിന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി കുടയത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ ഇന്‍സിഡന്റ് കമാന്‍ഡ് പോസ്റ്റും തുറന്നിരുന്നു.

എന്‍ ഡി ആര്‍ എഫ് ഒബ്സര്‍വര്‍ സിംഗര്‍ ഉദയന്‍ കെ, ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ്, തൊടുപുഴ തഹസില്‍ദാര്‍ എം. അനില്‍കുമാര്‍, കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, വൈസ് പ്രസിഡന്റ് അഞ്ചലീന സിജോ, കാഞ്ഞാര്‍ സബ്ഇന്‍സ്പെക്ടര്‍ ജിബിന്‍ തോമസ്, മൂലമറ്റം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കരുണാകരന്‍ പിള്ള, വില്ലേജ് ഓഫീസര്‍ എസ്. പത്മജ, പഞ്ചായത്ത് സെക്രട്ടറി പി. ജി. ഉണ്ണികൃഷ്ണന്‍, തൊടുപുഴ ബി.ഡി.ഒ വി.ജി ജയന്‍, ത്രിതല പഞ്ചായത്തംഗങ്ങളായ നസിയ ഫൈസല്‍, ഷീബ ചന്ദ്രശേഖരന്‍ പിള്ള, ബിന്ദു സുധാകരന്‍, അഡ്വ. കെ.എന്‍. ഷിയാസ്, ശ്രീജിത്ത് സി.എസ്, സുജ ചന്ദ്രശേഖരന്‍, ജോസഫ് ഇ.ജെ, ബിന്ദു സിബി, പുഷ്പ വിജയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മോക്ക്ഡ്രില്ലിന് നേതൃത്വം നല്‍കി.