മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ കൃഷി, ടൂറിസം ഭൂപടങ്ങളില്‍ ഇടം നേടിയ പൂക്കളുടെ ഉത്സവം പൂപ്പൊലിക്ക് അമ്പവലയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 1 ന് തുടക്കമാകും. കേരള കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മുഖമുദ്ര അനാവരണം ചെയ്യുന്ന വിജ്ഞാന-വിനോദ മാമാങ്കം ഞായര്‍ വൈകീട്ട് 3.30 ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ മുഖ്യപ്രഭാഷണം നടത്തും. രാഹുല്‍ ഗാന്ധി എം.പി വിശിഷ്ടാഥിതിയാകും. പൂപ്പൊലി ആദ്യ ടിക്കറ്റ് വില്‍പ്പന ഒ.ആര്‍ കേളു എം.എല്‍.എയും, സ്റ്റാള്‍ ടി. സിദ്ദിഖ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായ കാര്‍ഷിക സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, കര്‍ഷക ശ്രേഷ്ഠര്‍, രാഷ്ട്രീയ പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി 1 മുതല്‍ 15 വരെ നടക്കുന്ന പൂക്കളുടെ ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.