ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ആഴത്തിൽ മനസ്സിലാക്കി ജീവിതത്തിൽ പകർത്തുന്നിടത്താണ് ശിവഗിരി തീർത്ഥാടനം സഫലമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല ആചാരത്തിന്റെ തലത്തിലേക്ക് താഴ്ന്നു പോകാതെ വ്യക്തി ജീവിതവും പൊതു ജീവിതവും ശുദ്ധീകരിക്കാനും മെച്ചപ്പെടുത്താനും തീർത്ഥാടനത്തിലൂടെ സാധിക്കണം.വ്യക്തിശുചിത്വത്തോട് കൂടിയോ വിഘ്‌നങ്ങൾ ഇല്ലാതെയോ മനുഷ്യൻ മാറുക എന്നതിനപ്പുറം മതത്തിനും പുണ്യത്തിനും അതീതമായാണ് ഗുരു തീർത്ഥാടനത്തെ നിർവചിക്കുന്നത്.
വിദ്യാഭ്യാസം, ശുചിത്വം, കൃഷി, കൈത്തൊഴിൽ എന്നിവയിലാണ് തീർത്ഥാടനത്തിലൂടെ ശ്രദ്ധിക്കേണ്ടത്. ഇതിനായി പ്രസംഗ പരമ്പരകൾ സംഘടിപ്പിക്കുകയും സമൂഹത്തെ ആകർഷിക്കുകയും വേണം. ഇത്തരത്തിൽ പ്രസംഗത്തിലൂടെയുള്ള ചിന്തകൾ പ്രവൃത്തിയിൽ വരുത്തുകയും ജനങ്ങൾക്കും നാടിനും അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗിക്കുകയും വേണം എന്നതാണ് ഗുരു തീർത്ഥാടനത്തിലൂടെ ലക്ഷ്യമാക്കിയത്.
തീർത്ഥാടനത്തിൽ ഒട്ടും ആർഭാടം പാടില്ലെന്നും പരമാവധി ചെലവ് കുറയ്ക്കണമെന്നും ഗുരു അഭിപ്രായപ്പെട്ടു. മഞ്ഞപ്പട്ട് വാങ്ങിക്കരുതെന്നും സാധാരണ വെള്ളമുണ്ട് മഞ്ഞളിൽ മുക്കി ഉപയോഗിക്കണമെന്നും ഗുരു പറഞ്ഞതിൽ നിന്നും തീർത്ഥാടനത്തിൽ പുലർത്തേണ്ട ലാളിത്യം മനസ്സിലാക്കാം. ചെലവ് കുറച്ചുകൊണ്ട് മിച്ചം വരുന്ന പണം വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണം ഉപയോഗിക്കേണ്ടതെന്നും ഗുരു വിശദീകരിച്ചു. ജനാധിപത്യ ബോധത്തോടെയുള്ള നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ശ്രീനാരായണഗുരു. നിങ്ങൾക്ക് അങ്ങനെ അഭിപ്രായമുണ്ടെങ്കിൽ ആകാം എന്ന ഗുരുവചനങ്ങൾ ഓർമിക്കാവുന്നതാണ്. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് ഗുരുദേവ വചനം ഭേദഗതി ചെയ്തപ്പോൾ ശിഷ്യനായ സഹോദരൻ അയ്യപ്പനോട് അയ്യപ്പന് അങ്ങനെയുമാകാം എന്ന ഗുരുവിന്റെ പരാമർശം ചരിത്രപരമാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഒപ്പം പ്രാകൃതമായ ദുർദേവ ആരാധനകൾ, പ്രാണീ ഹിംസകൾ പോലെയുള്ള ദുരാചാരങ്ങൾ വർജിക്കണമെന്നും ഗുരു പറഞ്ഞിരുന്നു.
പുലകുളി, കെട്ട് കല്യാണം തുടങ്ങിയ അനാചാരങ്ങളെയും ഗുരു എതിർത്തു. ഇതര സമുദായങ്ങളിലേക്ക് നവോത്ഥാന സന്ദേശം എത്തിക്കുന്നതിനും, ശുചീന്ദ്രം തിരുവാർപ്പ്, തളി സത്യാഗ്രഹസമരങ്ങൾ തുടങ്ങുന്നതിനും വെക്കം, ഗുരുവായൂർ സത്യാഗ്രഹം സാധ്യമാക്കിയതിലും ഗുരുദേവ ദർശനങ്ങളുടെ പങ്ക് വളരെ വലുതാണ്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ മനുഷ്യാലയമാക്കി മാറ്റുകയാണ് ഗുരുവടക്കമുള്ള നവോത്ഥാന നായകർ ചെയ്തത്. എന്നാൽ അടുത്തിടെയായി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സംസ്ഥാനത്ത് കൂടി വരുന്ന സാഹചര്യവും വിസ്മരിച്ചുകൂടാ. ഇലന്തൂരിലെ നരബലി മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചു. ദുർബലമാകുന്ന സാമൂഹിക മനസ്സിന്റെ പ്രതിഫലനങ്ങൾ ഇതിൽ കാണാൻ സാധിക്കും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സർക്കാർ നിയമ നിർമ്മാണം അടക്കമുള്ള നടപടികൾ സ്വീകരിക്കുകയാണ്.
നവോത്ഥാന സന്ദേശം പൂർണ്ണമായ അർത്ഥത്തിൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പുരോഗമന സമൂഹത്തെ പിന്നോട്ട് അടിപ്പിക്കുന്നതിനു ഇരുട്ടിന്റെ ശക്തികളെ അനുവദിക്കുകയില്ല.ചാത്തൻസേവ, മഷിനോട്ടം തുടങ്ങിയ ആഭിചാരക്രിയകളുടെ പരസ്യങ്ങൾ നൽകി മാധ്യമങ്ങൾ ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നത് അവസാനിപ്പിക്കണം. ഗുരുദർശനങ്ങൾ പ്രാവർത്തികമാക്കി വൈജ്ഞാനിക നൂതന സമൂഹത്തിന് ഊർജ്ജം പകരുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ആ നിലയിൽ ശിവഗിരി തീർത്ഥാടനത്തിന് ആവശ്യമായ പരിഗണനയും മുൻഗണനയും സംസ്ഥാന സർക്കാർ നിലവിൽ നൽകുന്നുണ്ട്. എല്ലാവിഭാഗം ജനങ്ങളെയും തുല്യതയോടെ പരിഗണിക്കുക എന്ന ഗുരു ചിന്ത സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1924-ൽ ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി സ്‌കൂളിൽ പുതുതായി നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ശിവഗിരിയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ശുഭാംഗാനന്ദ സ്വാമികൾ സ്വാഗതവും ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ അദ്ധ്യക്ഷതയും വഹിച്ചു. സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ, അടൂർ പ്രകാശ് എം.പി, എം എൽ എ മാരായ രമേശ് ചെന്നിത്തല, വി ജോയി, വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ എം ലാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശാരദാനന്ദ സ്വാമികൾ നന്ദി അറിയിച്ചു.