സാമൂഹിക സുരക്ഷാ മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കോർപ്പറേഷൻ-നഗരസഭാ പരിധിയിലെ വയോജനങ്ങളുടെ സംരക്ഷണത്തിനായി നടപ്പിലാക്കിയ ‘വയോമിത്രം’ പദ്ധതി 2019ഓടെ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും തുടങ്ങുമെന്ന് പട്ടിക-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. തരൂർ നിയോജകമണ്ഡലത്തിലെ അന്തർദേശീയ വയോജന ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വയോജനങ്ങളുടെ സംരക്ഷണം പുതുതലമുറയുടെ ഉത്തരവാദിത്തമാണ്. ‘വളരുന്ന കേരളം-വളർത്തിയവർക്ക് ആദരം’ പദ്ധതിയിൽ യുവാക്കൾക്കായി ബോധവത്ക്കരണം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു . വയോജനങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കുക സർക്കാർ ലക്ഷ്യമാണ്. ഒറ്റപ്പെട്ടുപോയ വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് ‘വയോമിത്രം’ പദ്ധതി കൂടുതൽ വിപുലീകരിക്കുന്നത്. 65 വയസ് കഴിഞ്ഞ വയോജനങ്ങൾക്കാണ് പദ്ധതി ഉപയോഗപ്പെടുക. സംസ്ഥാനത്ത് കൂടുതൽ പകൽവീടുകൾ നിർമിക്കും. വയോജന നയം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയ്ക്ക് കൂടുതൽ വയോസൗഹൃദ പദ്ധതികൾ തുടങ്ങും. സാമൂഹിക സുരക്ഷാ പെൻഷൻ 600ൽ നിന്നും 1,100 രൂപയായും കിടപ്പ് രോഗികൾക്കുള്ള പെൻഷൻ 1,300 രൂപയാക്കിയും വർധിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. ‘ആർദ്രം’ പദ്ധതിയിൽ സൗജന്യ മരുന്ന് ലഭ്യത ഉറപ്പാക്കും. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വയോജന നിരക്ക് കൂടുതലാണ്. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളാണ് ആയുസ് കൂടാൻ കാരണം. കേരളത്തിലെ ശരാശരി ആയുസ് 74.9 ആണ്. ദേശീയ ശരാശരിയായ 68 ശതമാനത്തെക്കാൾ കൂടുതലാണ് ഇത്. കണ്ണമ്പ്രയിൽ 100 കോടിയുടെ ക്രാഫ്റ്റ് വില്ലേജ് ആരംഭിക്കും. ആയിരം പേർക്കെങ്കിലും തൊഴിൽ നൽകാൻ കഴിയുന്ന ക്രാഫ്റ്റ് വില്ലേജെന്ന ആശയം ധനകാര്യ വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്തുവരികയാണ്. തദ്ദേശീയമായി നിർമിക്കുന്ന ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം നടത്താനും വിനോദ സഞ്ചാരികളെ ആകർഷിച്ച് വരുമാനം കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി നിർവഹണ ഫണ്ടുപയോഗിച്ച് വയോജനങ്ങൾക്കായി നിർമിച്ച കട്ടിലുകളും പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠന മേശയും കസേരയും മന്ത്രി വിതരണം ചെയ്തു. തരൂർ നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിൽ നിന്നും തെരെഞ്ഞെടുത്ത വയോജനങ്ങളെ മന്ത്രി ആദരിച്ചു. തുടർന്ന് വയോജന നയത്തെക്കുറിച്ചും നിയമ സംരക്ഷണത്തെക്കുറിച്ചും ബോധവത്ക്കരണ ക്ലാസും നടത്തി. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വനിതാ ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.രജിമോൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മായാ മുരളിധരൻ, പി.മനോജ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.മീനാകുമാരി, ആലത്തൂർ അഡീഷനൽ സി.ഡി.പി.ഒ. പി.അന്ന ജോബ്, ജനപ്രതിനിധികൾ പങ്കെടുത്തു.