ഭക്തിയുടെ ഏക താളത്തില്‍ അവര്‍ കൊട്ടിക്കയറി. പതികാലം കടന്ന് മേളം മുറുകിയതോടെ കൂടി നിന്നവരും താളമിട്ടു. വൈക്കം ക്ഷേത്രകലാപീഠം വിദ്യാര്‍ഥികളാണ് ശബരിമല സന്നിധാനം പഞ്ചവാദ്യത്തിലൂടെ ഭക്തിനിര്‍ഭരമാക്കിയത്.
കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം എന്നിവ സന്നിവേശിപ്പിച്ച് 30 പേരാണ് മേളപ്പെരുമ തീര്‍ത്തത്. ഇതോടെ രണ്ട് മണിക്കൂര്‍ ഭക്തര്‍ ആ താളത്തില്‍ അലിഞ്ഞ് ചേര്‍ന്നു. അജി കൂറ്റുവേലിയാണ് സംഘത്തിന്റെ പരിശീലകന്‍. ശബരിമല ക്ഷേത്രത്തിലെ പൂജകള്‍ക്ക് സ്ഥിരമായി മേളം ഒരുക്കുന്ന ഇവര്‍ ബംഗളൂര് വ്യവസായികളായ എന്‍ ഉണ്ണികൃഷ്ണന്‍, രമേഷ് റാവു എന്നിവരുടെ വഴിപാടായാണ് ഞായറാഴ്ച താളപ്പെരുക്കം തീര്‍ത്തത്. ഇരുവരും ചേര്‍ന്ന് ശബരിമലയിലെത്തിയ 10000 പേര്‍ക്ക് സദ്യയും നല്‍കി.