സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ പുതുതായി നിർമിച്ച നിറമരുതൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിറമരുതൂർ വില്ലേജ് പരിസരത്ത് സംസ്ഥാന റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. കായിക, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. നാലുവർഷക്കാലം കൊണ്ട് കേരളം സമ്പൂർണമായി റിസർവേ നടത്തുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. സംസ്ഥാനത്ത് 1966 ലാണ് റീസർവേ നടപടികൾ ആരംഭിച്ചത്. 55 വർഷം കഴിഞ്ഞതിനു ശേഷവും 1666 വില്ലേജുകളിൽ 915 വില്ലേജുകളിലാണ് റീസർവേ നടപടി നടന്നത്. ഇവയിൽ തന്നെ 95 വില്ലേജുകളിൽ മാത്രമാണ് ഇ.ടി.എസ് മെഷീൻ ഉപയോഗിച്ച് ഡിജിറ്റൽ റീസർവേ നടന്നിട്ടുള്ളത്. സർവേ നടപടികൾ ത്വരിത ഗതിയിലാക്കാൻ ആയിരം റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകൾ, ആയിരം ആർടികെ റോവറുകൾ, 28 ഇടങ്ങളിൽ നൂതന സാങ്കേതിക വിദ്യയായ സിഓആർ സ്റ്റേഷനുകൾ, തുറസായ സ്ഥലങ്ങൾ അളക്കാൻ ലഡാർ ക്യാമറ ഫിറ്റ് ചെയ്തുള്ള ഡ്രോൺ സാങ്കേതിക വിദ്യയും സർവേയിൽ ഉപയോഗിക്കും. ഡ്രോൺ അധിഷ്ടിത സർവേ നടപടികൾ പലസ്ഥലങ്ങളിലും ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. കേരളത്തിന്റെ ടോപ്പോഗ്രാഫിക്കൽ സർവേ ഉൾപ്പടെ സകലപ്രശ്നങ്ങളും പരിഹരിക്കാനുതകുന്നതും സ്വകാര്യഭൂമിയും സർക്കാർ ഭൂമിയും കേരളത്തിന്റെ പ്രകൃതി വിഭവങ്ങളുടെ വിശാലമായ മാപ്പും ലഭിക്കാൻ കഴിയുന്ന വിധത്തിലുമുള്ള ഡിജിറ്റൽ സർവേയായിരിക്കും ഇത്. 858 കോടി രൂപ റീബിൽഡ് കേരള ഇനീഷിയേറ്റീവിൽ നിന്ന് ഇതിനായി അനുമതിയായതായും അദ്ദേഹം അറിയിച്ചു. റീ സർവേ പൂർത്തീകരിച്ചാൽ രജിസ്ട്രേഷൻ വകുപ്പിന്റെ സോഫ്‌റ്റ്വെയർ ആയ പേളും റവന്യൂ വകുപ്പിന്റെ സോഫ്‌റ്റ്വെയർ ആയ റിലീസും സർവേ വകുപ്പിന്റെ ഈ-മാപ്പും ഒന്നിച്ചു ചേർത്ത് ഇന്ത്യയിലാദ്യമായി ഇന്റഗ്രേറ്റഡ് പോർട്ടൽ എന്ന ആശയം കൊണ്ടുവരും. ഇതുവഴി ഒരാൾക്ക് ഭൂമി വാങ്ങുമ്പോൾ തന്നെ അത് പോക്ക് വരവിന് പറ്റിയതാണോ, പോക്ക് വരവിന് തുല്യമായി പ്രതീക്ഷിച്ചടുത്തു തന്നെയാണോ ഭൂമി സ്‌കെച്ച് ചെയ്തത് എന്നൊക്കെ തിരിച്ചറിഞ്ഞു മാത്രം രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കും. ഭൂമി തർക്കം ഉണ്ടായാൽ ദീർഘകാലം കോടതി വ്യവഹാരങ്ങളിൽ പെടാതെ ‘എന്റെ ഭൂമി’ എന്ന പോർട്ടലിൽ ഒരാളുടെ ഭൂമി യുടെ രൂപം മിനിറ്റുകൾക്കകം മനസിലാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ താനൂർ മണ്ഡലത്തിലെ മുഴുവൻ വില്ലേജുകളിലേക്കും ആവശ്യമായ കമ്പ്യൂട്ടറും അനുബന്ധ മെഷിനറികളും വാങ്ങുന്നതിനായി 10 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി നിറമരുതൂർ വില്ലേജ് ഓഫീസിലേക്കുള്ള കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മന്ത്രിമാരായ കെ.രാജൻ, വി.അബ്ദുറഹിമാൻ എന്നിവർ ചേർന്ന് ജില്ലാകലക്ടർ, റവന്യുവകുപ്പ് അധികൃതർക്ക് ഉപകരണങ്ങൾ കൈമാറി. താനൂർ, പരിയാപുരം, ഒഴൂർ, താനാളൂർ, നിറമരുതൂർ, പൊന്മുണ്ടം, ചെറിയമുണ്ടം എന്നീ വില്ലേജ് ഓഫീസുകൾക്കാണ് ഉപകരണങ്ങൾ നൽകുന്നത്. ജില്ലാകലക്ടർ വി.ആർ പ്രേംകുമാർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമ, നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോൾ കാവീട്ടിൽ, താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പ്രേമ, നാസർ പോളാട്ട്, നിറമരുതൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.ഹസീന, തിരൂർ തഹസിൽദാർ പി.ഉണ്ണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.