സംരംഭകരെ സൃഷ്ടിക്കാൻ പരിശീലനവുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. മുരിയാട് പഞ്ചായത്തിന്റെയും ഖാദി വിദ്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പേപ്പർ ബാഗ് നിർമാണ പരിശീലനം പഞ്ചായത്ത്‌ ഹാളിൽ പഞ്ചായത്ത്‌ പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപിള്ളി ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ തൊഴിൽ കൊടുത്ത പഞ്ചായത്താണ് മുരിയാട്. കുടുംബശ്രീ സംരംഭം എന്ന നിലയിൽ ഹെൽപ്പ് ഡെസ്കുകൾക്ക് പഞ്ചായത്ത് തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തിന്റെ പതിനേഴ് വാർഡുകളിലും ഇത്തരം കേന്ദ്രങ്ങൾ ഉണ്ടാകും. ഇപ്പോഴിതാ ഖാദി ഗ്രാമ വ്യവസായ ബോർഡുമായി സഹകരിച്ച് ഉൽപ്പന്ന നിർമ്മാണ പരിശീലനവും തുടർന്ന്, സാമ്പത്തിക – വിപണന സഹായങ്ങൾ ഉറപ്പാക്കുന്ന പദ്ധതികൾക്കും തുടക്കം കുറിച്ചു.

പരിപാടിയുടെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ ബോർഡുമായി സഹകരിച്ച് പത്ത് തരത്തിലുള്ള പേപ്പർ ബാഗ് നിർമാണത്തിൽ പരിശീലനം നൽകി. നാല്പതോളം പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്. മാസംതോറും തൊഴിൽ പരിശീലനവും സംരഭകത്വ ഹെൽപ്പ് ഡെസ്കും ഇനി പഞ്ചായത്തിൽ സജീവമായി പ്രവർത്തിക്കും.

ഖാദി വിദ്യാലയം കോർഡിനേറ്റർമാരായ വിനോദ് കക്കറ, അനിത സി ടി, സുമ ടീച്ചർ എന്നിവർ ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡണ്ട് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ യു വിജയൻ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സുനിൽ കുമാർ, വൃന്ദകുമാരി, നിഖിത അനൂപ്, ശ്രീജിത്ത്‌ പട്ടത്ത് എന്നിവർ പങ്കെടുത്തു. ബിസിനസ് ഇന്റേൺ ഹണി സുബിൻ നന്ദി രേഖപ്പെടുത്തി.