ഹജ്ജ് 2023 നുള്ള അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു. നോട്ടിഫിക്കേഷൻ വരുന്ന മുറക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങും. 2023 ജനുവരി ഒന്നു മുതൽ ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാന്റെ പത്ര പ്രസ്താവനയെത്തുടർന്ന് ധാരാളം പേർ നേരിലും അല്ലാതെയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൽ നിന്ന് ഹജ്ജ് പോളിസിയുടെ കരടു രേഖ മാത്രമാണ് ഇപ്പോൾ ഹജ്ജ് കമ്മിറ്റി ഓഫീസിൽ ലഭിച്ചിട്ടുള്ളത്. ഇത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അംഗീകരിച്ച ശേഷം, ഹജ്ജ് അപേക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും നോട്ടിഫിക്കേഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്നും ലഭിക്കുന്ന മുറക്ക് മാത്രമെ ഈ വർഷത്തെ ഹജ്ജ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുകയുള്ളൂ. അപേക്ഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ യഥാസമയം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒഫീസ് മുഖേനയും ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രെയിനർമാർ മുഖേനയും ലഭ്യമാക്കും. ഹജ്ജ് അപേക്ഷകർ വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കേണ്ടതാണെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അറിയിച്ചു.