പട്ടികവര്‍ഗകാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി സൂക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതിയും സംരക്ഷിക്കാം എന്ന ആശയം നടപ്പിലാക്കി സുല്‍ത്താന്‍ ബത്തേരി നഗരസഭ. നഗരസഭയില്‍ 2 ദിവസങ്ങളായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും തുണി സഞ്ചികള്‍ വിതരണം ചെയ്താണ് ക്യാമ്പ് പരിസ്ഥിതി സംരക്ഷണത്തിനുകൂടി മാതൃകയാകുന്നത്.
”പരിസ്ഥിതി സംരക്ഷിക്കൂ തുണി സഞ്ചി ശീലമാക്കൂ” എന്ന സന്ദേശമുയര്‍ത്തിയാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭാ പരിധിയിലെ പട്ടികവര്‍ഗ കോളനികളില്‍ പ്രകൃതി സംരക്ഷണത്തിനുള്ള ബോധവല്‍ക്കരണം നല്‍കുകയാണ് ലക്ഷ്യം. ജില്ലയില്‍തന്നെ ആദ്യമായി തുണിസഞ്ചികള്‍ വിതരണം ചെയ്യുന്ന എ.ബി.സി.ഡി ക്യാമ്പും സുല്‍ത്താന്‍ ബത്തേരിയിലാണ്.
തുണി സഞ്ചിയുടെ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് മൂലങ്കാവ് ഈരന്‍ക്കൊല്ലി കോളനിയിലെ നാരായണിക്ക് തുണിസഞ്ചി നല്‍കി നിര്‍വ്വഹിച്ചു. തുണിസഞ്ചിയോടൊപ്പം കോവിഡ് പ്രതിരോധ മാസ്‌ക്കുകളും ക്യാമ്പില്‍ വിതരണം ചെയ്തു.