കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിങ്ങ് സ്‌റ്റേഷൻ മന്ത്രി ഉദ്ഘാടനം ചെയ്തു
അശ്രദ്ധമായി വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ലൈന്‍ ട്രാഫിക് ബോധവല്‍ക്കരണ ക്യാമ്പയിന് വെള്ളിയാഴ്ച(ജനുവരി 6) തുടക്കമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തൃപ്പൂണിത്തുറ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് കീഴില്‍ നിര്‍മ്മിച്ച കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിങ്ങ് സ്‌റ്റേഷന്റെയും ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കൊടുവള്ളിയില്‍ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം നിര്‍വഹിക്കും.
ആകെ അപകടങ്ങളില്‍ 65 ശതമാനത്തിനും മരണങ്ങളില്‍ 55 ശതമാനത്തിനും കാരണം അശ്രദ്ധമായി വാഹനമോടിക്കുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ക്യാമ്പയിന്‍ നടത്തുന്നത്. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുതല്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരിശോധനകള്‍ക്കായി റോഡില്‍ ഇറങ്ങും. ഡ്രൈവര്‍മാര്‍ക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കും.
സംസ്ഥാനത്തെ ഒന്‍പതാമത് കമ്പ്യൂട്ടറൈസ്ഡ് സ്‌റ്റേഷനാണ് തൃപ്പൂണിത്തുറ സബ് ആര്‍.ടി.ഓഫീസിന് കീഴില്‍ പുത്തന്‍കുരിശിന് സമീപം പുറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്തത്. ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമി കൂടി ഉപയോഗിച്ച് ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് ട്രാക്ക് കൂടി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആക്ഷേപം ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കും വെഹിക്കിള്‍ ടെസ്റ്റിങ്ങ് സ്‌റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കുന്നത്. പരാതികള്‍ ഉള്ളവര്‍ക്ക് നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടാനുള്ള സൗകര്യമാണ് ഉള്ളത്. കൂടുതല്‍ ഇടങ്ങളിലേക്ക് കൂടി ഇത്തരം സംവിധാനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ ബഹുഭൂരിപക്ഷം സേവനങ്ങളും ഓണ്‍ലൈനായി ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുവഴി ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയമാകാതെയും ഓഫീസുകളില്‍ കയറിയിറങ്ങാതെയും വാഹന ഉടമകള്‍ക്ക് നേരിട്ട് തന്നെ അവരുടെ ആവശ്യം നേടിയെടുക്കാന്‍ കഴിയുന്നു.
സ്‌കൂള്‍ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ്
വികസിപ്പിച്ചെടുത്ത വിദ്യാവാഹന്‍ എന്ന ആപ്ലിക്കേഷന്റെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഒരു കുട്ടി ബസില്‍ കയറിയാല്‍ അത് സ്‌കൂളില്‍ എത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നിരീക്ഷിക്കാന്‍ കഴിയും. അമിത വേഗത്തിലാണെങ്കില്‍ വാഹനത്തിലുള്ള ജീവനക്കാരെ ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സൗകര്യം ഉള്‍പ്പെടെയാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയില്‍ ആദ്യമായി ഇത്തരമൊരു സംവിധാനം നടപ്പാക്കിയത് കേരളത്തിലാണ്. എല്ലാ സ്‌കൂളുകളെയും ആപ്പിന്റെ ഭാഗമാക്കാകുന്നതോടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്ക ഒഴിവാകും.
മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ കെട്ടിക്കിടന്ന പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച വാഹനീയം ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിലൂടെ ഒരു വര്‍ഷത്തിനിടെ 14 ജില്ലകളിലുമായി ലഭിച്ച പരാതികളിലും അപേക്ഷകളിലും 95 ശതമാനവും പരിഹരിച്ചു. കോടതി വ്യവഹാരം നിലനില്‍ക്കുന്നതിനാലാണ് നിലവില്‍ സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കാന്‍ കഴിയാത്തത്. ഇതിനെ മറികടക്കാന്‍ എലഗന്റ് കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സംവിധാനം സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പുറ്റുമാനൂരിലെ ടെസ്റ്റിംഗ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍, തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. പ്രകാശന്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.എസ്. പ്രമോദ് ശങ്കര്‍, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജൂബിള്‍ ജോര്‍ജ്, വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് അംഗം വിഷ്ണു വിജയന്‍, ഊരാളുങ്കല്‍ സൊസൈറ്റി ഡെലിവറി ഹെഡ് ജോസ് കുന്നേല്‍, കിറ്റ്‌കോ ലിമിറ്റഡ് ഗ്രൂപ്പ് ഹെഡ് ജി. രാകേഷ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.