കേന്ദ്രസർക്കാറിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിൽ ഒക്ടോബർ മാസത്തെ ഡെൽറ്റ റാങ്കിംഗിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടിയതിന് ടീം ലീഡറായ ജില്ലാ കളക്ടർ എ. ഗീതയെ ജില്ലാ വികസന സമിതി യോഗം അനുമോദിച്ചു. എ.പി.ജെ. ഹാളിൽ ചേർന്ന യോഗത്തിൽ ഒ.ആർ. കേളു എംഎൽഎ കളക്ടർക്ക് മെമന്റോ സമ്മാനിച്ചു.

രാജ്യത്തെ 112 പിന്നാക്ക ജില്ലകളെ അവരുടെ പ്രത്യേക വികസന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2018-ല്‍ തുടങ്ങിയ പദ്ധതിയാണ് ആസ്പിരേഷണല്‍ ജില്ലാ പദ്ധതി. കേരളത്തില്‍നിന്നുള്ള ഏക ആസ്പിരേഷണല്‍ ജില്ലയാണ് വയനാട്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ വികസന മേഖലകളിൽ ഓരോ മാസത്തെയും പുരോഗതി വിലയിരുത്തിയാണ് ദേശീയ തലത്തിൽ റാങ്കിംഗ് നൽകുന്നത്. ഇതിൽ ഒക്ടോബര്‍ മാസത്തെ ഡെല്‍റ്റാ ഓവറോള്‍ റാങ്കിംഗില്‍ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

എല്ലാ മേഖലയിലും, പ്രത്യേകിച്ച് ജില്ലയിലെ ആരോഗ്യ-പോഷണ മേഖലയിലും സാമ്പത്തിക- നൈപുണ്യ വികസന മേഖലയിലും മികച്ച മുന്നേറ്റം നടത്തിയാണ് ജില്ലക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ആരോഗ്യം- പോഷകാഹാരം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍- നൈപുണിക വികസനം എന്നീ മേഖലകളില്‍ രണ്ടാം സ്ഥാനവും ഒക്ടോബറില്‍ ജില്ല നേടിയിട്ടുണ്ട്.