ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുറുപ്പംകുളങ്ങര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ പച്ചക്കറി കൃഷി തുടങ്ങി. പച്ചക്കറി കൃഷിയുടെ നടീല്‍ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സ്വയം പര്യാപ്തതയും കൈവരിക്കുക, വിദ്യാര്‍ഥികളില്‍ കൃഷി അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ വ്യക്തിയില്‍ നിന്ന് പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്താണ് പി.ടി.എ.യുടെ നേതൃത്വത്തില്‍ കൃഷി ചെയ്യുന്നത്. തക്കാളി, വഴുതന, പീച്ചില്‍, പാവല്‍, ചീര, വെണ്ട, ചേന, ചേമ്പ് തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും വിളവെടുക്കുന്ന പച്ചക്കറികള്‍ സ്‌കൂള്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും പി.ടി.എ. പ്രസിഡന്റ് കെ.എസ് സുനില്‍ പറഞ്ഞു. ആവശ്യമായ നിര്‍ദ്ദേശങ്ങളും വിത്തുകളും നല്‍കി ചേര്‍ത്തല തെക്ക് കൃഷിഭവനും കുരുന്നുകളുടെ കൃഷിക്ക് ഒപ്പമുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ.പി. അജിത, കെ. രാജഗോപാല്‍, ആര്യ എസ്. കുമാര്‍, പി.ടി.എ. പ്രസിഡന്റ് കെ.എസ്. സുനില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.എസ്. ബിനിമോള്‍, കൃഷി അസിസ്റ്റന്റ് കെ.എം. സുനില്‍കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.