പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് അധികമായി അനുവദിച്ച 89,540 ടൺ അരി സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനം നേരിട്ട ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇതിന്റെ വില എൻ.ഡി.ആർ.എഫിൽ നിന്ന് വെട്ടിക്കുറയ്ക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പ്രളയബാധിതരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ 1.18 ലക്ഷം ടൺ അരി സംസ്ഥാനം സൗജന്യമായി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം 89,540 ടൺ അരി അധികമായി അനുവദിച്ചു. തൽക്കാലം വില ഈടാക്കുന്നില്ലെങ്കിലും താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ്) കണക്കാക്കി ഇതിന്റെ വില ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നോ ഭക്ഷ്യഭദ്രതാനിയമപ്രകാരം കേരളത്തിന് അനുവദിക്കുന്ന മറ്റ് പദ്ധതികളിൽ നിന്നോ കുറയ്ക്കുമെന്നാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുളളത്. എൻ.ഡി.ആർ.എഫിൽ നിന്നും മറ്റ് പദ്ധതികളിൽ നിന്നും ഇത് കുറയ്ക്കുന്നത് സംസ്ഥാനത്തിന് വലിയ പ്രയാസമുണ്ടാക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.