ഭക്തവത്സലനായ ശബരീനാഥന് സ്വരഗീതകം കൊണ്ട് അര്‍ച്ചനയേകി സംഗീതാധ്യാപകനായ ബേബി പ്രകാശ്. തൃപ്പൂണിത്തുറ ആര്‍ എല്‍ വി സംഗീത കോളേജ് അധ്യാപകനായ ബേബി പ്രകാശ് ശിഷ്യരോടൊത്താണ് സന്നിധാനം നടപ്പന്തലിലെ മുഖമണ്ഡപത്തില്‍ സംഗീതക്കച്ചേരി നടത്തിയത്. നിനു കോരി വസന്ത വര്‍ണ്ണത്തില്‍ ആരംഭിച്ച കച്ചേരി ഹംസധ്വനി രാഗത്തിലെ വരവല്ലഭയെന്ന ഗണപതി സ്തുതിയോടെ മുറുകി. കീരവാണി രാഗത്തില്‍ രാമനാട് ശ്രീനിവാസ അയ്യങ്കാര്‍ ചിട്ടപ്പെടുത്തിയ നിജമുഖ രാമാ എന്ന കീര്‍ത്തനമായിരുന്നു മുഖ്യാലാപാനം.കീരവാണി രാഗത്തിന്റെ സൂക്ഷമഭാവങ്ങളെ ബേബി പ്രകാശ് ഉള്ളറിഞ്ഞാലപിച്ചപ്പോള്‍ ദര്‍ശനത്തിനെത്തിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് വിരുന്നായി. മായാമാളവ ഗൗളയിലെ ദേവദേവ കലയാമിതേ എന്ന കൃതിക്ക് ശേഷം ജോന്‍പുരിയിലെ തില്ലാനയോടെ മംഗളം പാടി ബേബി കച്ചേരിക്ക് വിരാമമിട്ടു. ആര്‍ എല്‍ വി യില്‍ ബേബി പ്രകാശിന്റെ ശിഷ്യരായ എം എസ് സതീഷ് മൃദംഗത്തിലും മാനവ് രാജ് വയലനിലും പക്കം ഒരുക്കി.
