കൊച്ചി: ജില്ലയില്‍ പ്രളയവും പേമാരിയും തീര്‍ത്ത ദുരിതക്കെടുതിയില്‍ നിന്ന് കരകയറാനുള്ള അശ്രാന്ത പരിശ്രമത്തിനിടയിലും വിവിധ സാമൂഹിക സുരക്ഷ ക്ഷേമപെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ കൃത്യസമയത്ത് തന്നെ എത്തി. 157.98 കോടി രൂപയാണ് വിവിധ ക്ഷേമ പെന്‍ഷനുകള്‍ ഇനത്തില്‍ ജില്ലയില്‍ അനുവദിച്ചത്. ഇത് പ്രകാരം ഓണത്തിന് മുമ്പ് തന്നെ പെന്‍ഷന്‍ തുകകള്‍ വിതരണം ചെയ്തു. വിഷുവിന് ശേഷമുള്ള കുടിശ്ശിക ഉള്‍പ്പെടെയാണ് ഇപ്പോള്‍ വിതരണം ചെയ്തിരിക്കുന്നത്.
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍, അവിവാഹിതരായ അമ്പത് വയസ്സ് കഴിഞ്ഞ വനിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിങ്ങനെ വിവിധ പെന്‍ഷനുകള്‍ 2.9 ലക്ഷം ആളുകള്‍ക്കാണ് ജില്ലയില്‍ നല്‍കിയത്.
ജില്ലയില്‍ 35,749 പേരാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന് അര്‍ഹരായത്. 1,88,107 പേര്‍ വാര്‍ദ്ധക്യകാല പെന്‍ഷനും 30,186 പേര്‍ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷനും അവിവാഹിതരായ അമ്പത് വയസ്സ് കഴിഞ്ഞ വനിതകള്‍ക്കുള്ള  പെന്‍ഷന് 6466 പേരും 1,04289 പേര്‍ വിധവാപെന്‍ഷനും ജില്ലയില്‍ അര്‍ഹരായിട്ടുണ്ട്.
കൂടാതെ 66.06 കോടി രൂപ 60060 പേര്‍ക്ക് മത്സ്യത്തൊഴിലാളി പെന്‍ഷന്‍ ഇനത്തിലും 49 പേര്‍ക്ക് 4.45 ലക്ഷം മോട്ടോര്‍ തൊഴിലാളി പെന്‍ഷന്‍ ഇനത്തിലും 38.50 ലക്ഷം രൂപ 3500 പേര്‍ക്ക് തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഇനത്തിലും ജില്ലയില്‍ അനുവദിച്ചിട്ടുണ്ട്. ഇവ കൂടാതെ പ്രവാസി ക്ഷേമനിധി, നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി, കുടുംബ പെന്‍ഷന്‍, തയ്യല്‍ തൊഴിലാളി ക്ഷേമനിധി,  കയര്‍, കശുവണ്ടി, ഖാദി, കൈത്തറി, ചുമട് മത്സ്യമേഖല, എന്നിങ്ങനെ  നിരവധി പെന്‍ഷനുകള്‍ ജില്ലയും പ്രളയ സമയത്തും കൃത്യമായി തന്നെ നടന്നിട്ടുണ്ട്.
ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ എന്നീ നാല് മാസത്തെ പെന്‍ഷന്‍ തുകയാണ് ഇപ്പോള്‍ വിതരണം ചെയ്തിരിക്കുന്നത്. 1100 രൂപയാണ് ഒരു മാസത്തെ പെന്‍ഷന്‍ തുക. ഇത് മൂലം ഒരാള്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ 4400 രൂപയും 1500 രൂപ പെന്‍ഷന് അര്‍ഹരായവര്‍ക്ക് 6000 രൂപയും ലഭിക്കും. എന്നാല്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 1500 രൂപയും 80 ശതമാനത്തിനു മുകളില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് 1300 രൂപയും പെന്‍ഷന്‍ ഇനത്തില്‍ നല്‍കുന്നുണ്ട്. സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ ആഗസ്റ്റ് 13നും നേരിട്ടുള്ള ബാങ്ക് അക്കൗണ്ട് വിതരണം 16നുമാണ് ആരംഭിച്ചത്. കഴിഞ്ഞ ബജറ്റിലാണ് ആയിരം രൂപയായിരുന്ന ക്ഷേമപെന്‍ഷനുകള്‍ 1100 രൂപയാക്കിയത്.