*അവലോകന യോഗം ചേര്‍ന്നു
*65 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും.
*സുരക്ഷക്ക് 1400 പോലീസുകാര്‍
*14 പോയന്റുകളില്‍ കുടിവെള്ളം ഒരുക്കും
മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പീരുമേട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ അവസാനഘട്ട അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത യോഗത്തില്‍ ജനുവരി 12 നകം എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു.
പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് 16 മേഖലകളിലായി 1400 ഓളം വരുന്ന പോലീസ് സേനയെ വിന്യസിച്ച് സുരക്ഷ പരിശോധനകളും നിരീക്ഷണവും ശക്തമാക്കും. വന്യജീവി ശല്യം നേരിടുന്ന ഭാഗങ്ങളില്‍ സ്പെഷ്യല്‍ ആര്‍ ആര്‍ ടി സ്‌ക്വാഡുകളെയും എലഫന്റ് സ്‌ക്വാഡിനെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിമി വരെ വെളിച്ച സംവിധാനം ഒരുക്കും.
അടിയന്തരഘട്ടങ്ങള്‍ക്കാവശ്യമായ മുന്‍കരുതലെടുക്കാന്‍ അഗ്‌നിരക്ഷ സേനയ്ക്കും നിര്‍ദേശം നല്‍കി. ജലവകുപ്പ് പുല്ലുമേടു മുതല്‍ കോഴിക്കാനം വരെ 14 പോയിന്റ്‌റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ച് കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കും. പൊതുമരാമത്ത് വകുപ്പ് മകരവിളക്കിനോടനുബന്ധിച്ച് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് നിര്‍മിക്കും. ബാരിക്കേഡുകളുടെ നിര്‍മാണം ശനിയാഴ്ച ആരംഭിക്കും.
ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം, പരുന്തുംപാറ, പാഞ്ചാലിമേട്, പി എച്ച് സി വണ്ടിപ്പെരിയാര്‍, താലൂക്ക് ഹോസ്പിറ്റല്‍ പീരുമേട് എന്നീവിടങ്ങളില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 16 ആംബുലന്‍സുകളുടെ സേവനവും ലഭ്യമാക്കും. ആയുര്‍വേദ, ഹോമിയോ വകുപ്പുകളും മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.
മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യത്തിന് കെഎസ്ആര്‍ടിസി കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ 65 ബസുകള്‍ സര്‍വീസ് നടത്തും. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയായിരിക്കും കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ്. സത്രം, വള്ളക്കടവ് നാലാം മൈല്‍ പ്രവേശനപാതകള്‍ വഴി 8 മണി മുതലാണ് ഭക്തരെ കടത്തിവിടുക. രണ്ട് മണിക്ക് ശേഷം ആരെയും കടത്തിവിടുകയില്ല. ഭക്തര്‍ തിരികെ നാലാംമൈല്‍ വഴിയാണ് മടങ്ങേണ്ടത്. ശബരിമലയിലേക്ക് പോവാന്‍ അനുവദിക്കില്ല.
മോട്ടോര്‍ വാഹന വകുപ്പിന്റെ ആറ് സ്‌ക്വാഡും എക്‌സൈസ് വകുപ്പിന്റെ മൂന്ന് സ്‌ക്വാഡുകളും പരിശോധന കര്‍ശനമാക്കും. ശുചിത്വമിഷന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ താല്‍കാലിക ശൗചാലയങ്ങള്‍ ഒരുക്കും. സപ്ലൈക്കോ, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കും.
മകരവിളക്ക് ദിവസം മേഖലയില്‍ പാര്‍ക്കിങ് സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുവാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി.
തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ വണ്‍ വേ സംവിധാനം ആക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നതായും ശനിയാഴ്ച മുതല്‍ ഇത് കര്‍ശനമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ശബരിമല ഭക്തര്‍ക്കായി നിലവിലുള്ള വണ്‍വേ സംവിധാനം ജനുവരി 13 വരെ തുടരും. മകരവിളക്ക് ദിവസം ഉച്ചക്ക് 12 മണി വരെ കമ്പത്തു നിന്ന് കുമളി വഴി ഭക്തരെ കടത്തി വിടും. ഒരു മണിവരെയാണ് കുമളിയില്‍ നിന്നും പുല്ലുമേട്ടിലേക്കുള്ള അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കടത്തിവിടുന്നത്. അതിനുശേഷം വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് പീരുമേട് ഡി വൈ എസ് പി ജെ. കുര്യാക്കോസ് അറിയിച്ചു.
സമയക്രമം ഉള്‍പ്പെടെ ഭക്തര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നാല് ഭാഷകളില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ച് അവസാനഘട്ട വിലയിരുത്തലിന് 12 ന് ഓണ്‍ലൈന്‍ മീറ്റിങ് കൂടാനും യോഗത്തില്‍ തീരുമാനമായി. മകരവിളക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പോലീസിനെ മുന്‍കൂട്ടി അറിയിക്കാന്‍ നിര്‍ദേശം നല്‍കി. അന്നേ ദിവസം മകരവിളക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ അംഗീകൃത ഐഡി കാര്‍ഡ് നിര്‍ബന്ധമായും ധരിക്കാനും നിര്‍ദേശം നല്‍കി.
തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ വകുപ്പുകളും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.
യോഗത്തില്‍ സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍, പീരുമേട് ഡി വൈ എസ് പി ജെ കുര്യാക്കോസ്, പീരുമേട് തഹസില്‍ദാര്‍ സുനില്‍കുമാര്‍ പി എസ്, ജില്ലയിലെ വിവിധ വകുപ്പുകളുടെ മേധാവികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.