മകരവിളക്കിന് മുന്നോടിയായി പട്രോളിംഗും കാട്ടുതീ നിയന്ത്രണ സംവിധാനങ്ങളും ത്വരിതപ്പെടുത്തി വനം വകുപ്പ്. കാട്ടുതീ തടയുന്നതിന് മാത്രമായി പമ്പയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി. മകരവിളക്ക് കാണാന്‍ അയ്യപ്പഭക്തര്‍ തടിച്ച് കൂടുന്ന പുല്ല് മേട് ഭാഗങ്ങളില്‍ നിയന്ത്രിത തീ കത്തിക്കല്‍ ആരംഭിച്ചു. തീ പടരുന്നത് തടയുന്നതിനായി ഫയര്‍ ലൈന്‍ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. മകരവിളക്ക് ദര്‍ശന പോയിന്റുകളില്‍ സ്റ്റാഫുകളെ മുന്‍കൂട്ടി നിശ്ചയിച്ച് കഴിഞ്ഞു. അയ്യപ്പഭക്തര്‍ കാല്‍നടയായി വരുന്ന എരുമേലി- കരിമല പാതയിലും സത്രം – പുല്ലുമേട് പാതയിലും അധിക ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പകലും രാത്രിയുമുള്ള പട്രോളിംഗ് ശക്തമാക്കി.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് കണ്‍ട്രോള്‍ റൂമുകളാണ് വനം വകുപ്പിന്റേതായി പമ്പയിലും സന്നിധാനത്തുമുള്ളത്. എലിഫന്റ് സ്‌ക്വാഡും സുസജ്ജമാണ്. ഉത്സവ തുടക്കത്തില്‍ അപകടകരമായ മരങ്ങളും മരക്കൊമ്പുകളും മുറിച്ച് മാറ്റിയും, ആക്രമണകാരികളായ പന്നികളെ പിടികൂടി സ്ഥലം മാറ്റിയും വനംവകുപ്പിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു. 84 കാട്ടുപന്നികളെയാണ് ഇത്തരത്തില്‍ ഇടം മാറ്റിയത്. ഇത് വരെ 120 പാമ്പുകളേയും പിടികൂടി. നാല് രാജവെമ്പാല, പത്ത് മൂര്‍ഖന്‍, പത്ത് അണലി തുടങ്ങി ഉഗ്രവിഷമുള്ള പാമ്പുകളെയാണ് പിടികൂടി ഇടം മാറ്റിയത്. കാല്‍നടക്കാരായ അയ്യപ്പഭക്തരെ സഹായിക്കുന്നതിനുള്ള റാപിഡ് റെസ്‌പോണ്‍സ് ടീമും സുസജ്ജമാണ്. നൂറിലേറെ വനപാലകര്‍, ഇക്കോ ഗാര്‍ഡുകള്‍, വെറ്ററിനറി ഡോക്ടര്‍ തുടങ്ങിയവരാണ് ശബരിമലയില്‍ സേവന രംഗത്തുള്ളത്.