കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. വിവിധ മാധ്യമസ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന മെഗാഷോയാണ് പ്രധാനപരിപാടി. ഉദ്ഘാടന ദിവസമായ ജനുവരി 9ന് വൈകിട്ട് 7ന് ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന മെഗാഷോയിൽ ഗായകൻ പി. ജയചന്ദ്രന് ആദരം അർപ്പിക്കും. ‘മധുചന്ദ്രിക’ എന്ന് പേരിട്ടിരിക്കുന്ന സംഗീതനിശയിൽ കല്ലറ ഗോപൻ, രാജലക്ഷ്മി, ചിത്ര അരുൺ, നിഷാദ് എന്നിവർ പങ്കെടുക്കും. 10ന് വൈകിട്ട് 7ന് മോക്ഷ ബാന്റ് നയിക്കുന്ന ‘ശ്രുതിലയ സന്ധ്യ’ മെഗാഷോ നടക്കും.

11ന് വൈകിട്ട് 6.15ന് തിരുവനന്തപുരം നിയോഗം നാടകവേദിയുടെ റീഡേഴ്‌സ് ഡ്രാമ ‘നാടകചരിതം’ അവതരണം നടക്കും. 7 മണിക്ക് ബി.മുരളീകൃഷ്ണ ബാന്റ് ബോക്‌സ് ലൈവ് ഷോ അവതരിപ്പിക്കും. 12ന് തിരുവനന്തപുരം ആയോധന ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ആയോധന കേരളീയം മാർഷൽ ആർട്‌സ് ഷോ നടക്കും. 7 മണിക്ക് സീ കേരളം ‘പ്രതിഭാസംഗമം 2023’ നടക്കും. ഇതിൽ സീ കേരളം പുരസ്‌കാര സമർപ്പണവും സീ ചാനൽ പരമ്പരകളിലെ ജനകീയ താരങ്ങളുടെ ഡാൻസ് പെർഫോർമൻസും ഉണ്ടാകും. 13ന് വൈകിട്ട് 6.50ന് ജിതേഷ്.ജി അവതരിപ്പിക്കുന്ന ‘വരയരങ്ങ്’, 7ന് അളിയൻസ് ഡാൻസ് ടീം അവതരിപ്പിക്കുന്ന ‘വിസ്മയ സന്ധ്യ’ പെർഫോർമൻസും നടക്കും.

14ന് വൈകിട്ട് 7ന് കലൈമാമണി ഗോപികാ വർമ്മ അവതരിപ്പിക്കുന്ന മോഹിനിയാട്ടം നൃത്താവിഷ്‌ക്കാരം വേദിയിൽ അരങ്ങേറും. അതേസമയം തന്നെ മറ്റൊരു വേദിയിൽ നജീം അർഷാദ്, അഭയ, അനാമിക എന്നിവർ പങ്കെടുക്കുന്ന ‘എ.സി.വി ഹൃദയരാഗം’ സംഗീത പരിപാടി നടക്കും. 15ന് രാവിലെ 10ന് പ്രൊഫ. മധുസൂദനൻ നായർ, നാരായണ ഭട്ടതിരി എന്നിവർ പങ്കെടുക്കുന്ന ‘കവിയും കുട്ടികളും’ പരിപാടി നടക്കും. വൈകീട്ട് 7ന് ഹിഷാം അബ്ദുൾ വഹാബ്, ഗായത്രി അശോകൻ എന്നിവർ പങ്കെടുക്കുന്ന ‘മെഹ്ഫിൽ ദർബാർ’ സംഗീത നിശ ഉണ്ടാകും. കൂടാതെ പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്കുകൾ തുടങ്ങിയവ പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും.