ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കല്‍പ്പറ്റ എ.പി.ജെ ഹാളില്‍ ചേര്‍ന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് മാസത്തോടെ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളെല്ലാം ആസ്പറ്റോസ് വിമുക്തമാക്കും. ”വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം” പദ്ധതിയുടെ ഒന്നാം ഘട്ടം ഉടന്‍ പൂര്‍ത്തീകരിക്കും. വര്‍ക്കിംഗ് ഗ്രൂപ്പ് ചര്‍ച്ചകളില്‍ നിന്നുണ്ടാകുന്ന ആശയങ്ങള്‍ ജില്ലയുടെ ആശയങ്ങളായി മാറണമെന്നും സംഷാദ് മരക്കാര്‍ പറഞ്ഞു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ തമ്പി അധ്യക്ഷത വഹിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖയെക്കുറിച്ച് ആസൂത്രണ സമിതി അംഗം മംഗലശ്ശേരി നാരായണന്‍ വിശദീകരിച്ചു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് വാര്‍ഷിക പദ്ധതിയുടെ കരട് രേഖയിലേക്കുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബീനാ ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് താളൂര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.