സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ 29 ബ്ലോക്ക് പഞ്ചായത്തുകളിലാണ് മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് ആരംഭിക്കുന്നത്. മൊബൈല്‍ വെറ്ററിനറി ക്ലിനിക് കര്‍ഷകരുടെ സേവനത്തിനായി ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടു വരെ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കും.

വാഹനത്തില്‍ വെറ്ററിനറി ഡോക്ടര്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ആവശ്യമായ മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. പശുക്കളുടെ ചികിത്സക്ക് കര്‍ഷകന്‍ 450 രൂപ അടക്കണം. കൃത്രിമ ബീജാധാന കുത്തിവെപ്പിന് 50 രൂപ അധികം നല്‍കണം. ഓമന മൃഗങ്ങളുടെ ചികിത്സക്ക് 950 രൂപയും നല്‍കണം. 1962 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് കര്‍ഷകര്‍ വീടുകളിലേക്ക് ചെല്ലുന്ന വാഹന സേവനത്തിനായി വിളിക്കേണ്ടത്. കര്‍ഷകരുടെ ആവശ്യമനുസരിച്ച് ഈ വാഹനം കര്‍ഷകരുടെ വീടുകളിലേക്ക് എത്തും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍, സുല്‍ത്താന്‍ ബത്തേരി മില്‍ക്ക് സൊസൈറ്റി പ്രസിഡന്റ് കെ.കെ. പൗലോസ്, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. ജയരാജ്, എല്‍.എം.ടി.സി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്. ദയാല്‍, ഡോ. എന്‍.ജെ ജിഷാമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.