പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ ‘ദിശ’ ഹയർ സ്റ്റഡീസ് എക്സ്പോ സമാപിച്ചു. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ചാണ് കോഴിക്കോട് ബീച്ചിൽ ജനുവരി മൂന്ന് മുതൽ എക്സ്പോ സംഘടിപ്പിച്ചത്. സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

എക്സ്പോയിലൂടെ ഹയർസെക്കൻഡറിക്കു ശേഷമുളള ഉപരിപഠന സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ പരിചയപ്പെടുത്തി. രാജ്യത്തെ  50 ലേറെ മികച്ച സർവകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സേവനം മേളയിൽ ലഭ്യമായിരുന്നു. ഈ സ്ഥാപനങ്ങളിലെ ഫാക്കൽറ്റിമാരോട് ദിശ എക്സ്പോയിലെത്തി കുട്ടികളും രക്ഷിതാക്കളും നേരിട്ട് സംവദിച്ചു.

ടൂറിസം രംഗത്തെ കരിയർ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്കായി
ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നയിച്ച ക്ലാസ് ഉള്ളടക്കം കൊണ്ടും കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കേരളത്തിന്റെ വൈവിധ്യമുള്ള കാലവസ്ഥയും ഭൂപ്രകൃതിയും സംസ്കാരവും ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് നമ്മുടെ ടൂറിസം രംഗം വളർച്ച പ്രാപിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാരവൻ ടൂറിസം, സെസ്റ്റിനേഷൻ വെഡ്ഡിംഗ്, വാട്ടർസ് പോർട്സ് പോലെയുള്ള
വിനോദസഞ്ചാര വ്യവസായത്തിന്റെ നൂതന സാധ്യതകൾ തേടുകയാണ് കേരളം. അതുവഴി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ ഉപയോഗിക്കാൻ യുവതലമുറ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി മൂന്ന് മുതൽ ഏഴ് വരെ നീണ്ടു നിന്ന എക്സ്പോയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. കോഴ്സുകളെ കുറിച്ചും ഉപരി പഠന സാധ്യതകളെ കുറിച്ചും ചോദിച്ചറിഞ്ഞ ശേഷമാണ് അവർ മടങ്ങിയത്.

ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ  അധ്യക്ഷ വഹിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഹയർ സ്റ്റഡിസ് എക്സ്പോ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ,റീജണൽ ഡെപ്യൂട്ടി ഡയറക്ടർ
ഡോ. അനിൽ പി.എം, സീനിയർ ഫിനാൻസ് ഓഫീസർ മോഹൻകുമാർ എൻ, സി.ജി ആന്റ് എ.സി സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. അസിം സി.എം തുടങ്ങിയവർ സംസാരിച്ചു.