പുല്പറ്റ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മെഗാ തൊഴിൽമേള ‘പ്രതീക്ഷ’യിൽ 113 ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിച്ചു. 205 പേരെ വെയിറ്റിങ് ലിസ്റ്റിലും പരിഗണിച്ചിട്ടുണ്ട്. പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ് സ്‌കൂളിൽ വെച്ച് നടന്ന മേള പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹ്‌മാൻ അധ്യക്ഷനായി.
1349 ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ എഴുനൂറിലധികം ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ പങ്കെടുത്തു. 54 കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളെയും പരിഗണിച്ചാൽ 200 ലധികം പേർക്ക് തൊഴിൽ നൽകാനാവും. സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ എം.പി ഡോ.അബ്ദുസ്സമദ് സമദാനി തിരഞ്ഞെടുത്ത പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിൽ ഐ.സി.ടി അക്കാദമി കേരള ഫ്യൂച്ചർ ലീപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് യോഗ്യതയ്ക്കും പ്രവൃത്തി പരിചയത്തിനുമനുസരിച്ച് എഞ്ചിനീയറിങ്, ഐ.ടി, ബാങ്കിങ്, സെയിൽസ്, മാർക്കറ്റിങ്, അക്കൗണ്ടിങ്, ക്ലറിക്കൽ, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലുള്ള 1500 ഓളം ഒഴിവുകളിലേക്കാണ് തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖം സംഘടിപ്പിച്ചത്. പ്ലസ്ടുവും അതിനു മുകളിലും അടിസ്ഥാന യോഗ്യതയുള്ള, 18 വയസ്സ് പൂർത്തിയാക്കിയ ജില്ലക്കകത്തുനിന്നുള്ള ഉദ്യോഗാർത്ഥികളാണ് തൊഴിൽമേളയിൽ പങ്കെടുത്തത്. മേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിരമിച്ചതിന് ശേഷം ഹൈക്കോടതിയിൽ നിന്നും എൽ.എൽ.ബി എടുത്ത മുൻ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ടോമി ജോണിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: വി.വി മനാഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഹരിദാസ് പുൽപ്പറ്റ , കോമുകുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രിന മോൾ , ഹാജി.പി. മൊയ്തീൻ കുട്ടി, ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.