എറണാകുളം: മുവാറ്റുപുഴയാറിന്റെ തീരത്തെ വാക്ക് വേയിൽ പ്രളയം ബാക്കി വച്ചത് നാല് ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയിരുന്നു. വീണ്ടും പുഴയിലേക്ക് തന്നെ തിരിച്ചെത്തുമായിരുന്ന ഇവയെ നീക്കം ചെയ്ത് പുഴയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയതാകട്ടെ സ്കൂൾ വിദ്യാർത്ഥികളും .
മൂവാറ്റുപുഴ ഈസ്റ്റ് മാറാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം അംഗങ്ങളാണ് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളുമായി ചേർന്ന് നീണ്ട പരിശ്രമത്തിലൂടെ മൂവാറ്റുപുഴയാറിന്റെ സമീപത്തെ വാക്ക് വേ ശുചീകരിച്ചത്.
പ്രളയത്തിൽ നിറഞ്ഞു കവിഞ്ഞ മൂവാറ്റുപുഴയാറിന്റെ വാക്ക് വേയിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വീണ്ടും ആറിലേയ്ക്ക് തന്നെ തള്ളുന്നതിൽ നിന്നും തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വിദ്യാർത്ഥികൾ നടത്തിയശുചീകരണ യത്നം. ഡയപ്പർ, ആശുപത്രി മാലിന്യങ്ങൾ, പഴയ തുണികൾ, കടകളിൽ നിന്നുമുള്ള മാലിന്യങ്ങൾ, മരച്ചില്ലകൾ തുടങ്ങി നാലു ടണ്ണിലേറെ മാലിന്യങ്ങളാണ് വാക്ക് വേ സ്റ്റീൽ കൈവരികളിൽ ഒഴുക്കിൽ അടിഞ്ഞുകൂടിയത് . റസിഡൻഷ്യൽ അസോസിയേഷനുകൾ , വിവിധ ക്ലബ്ബുകൾ, തുടങ്ങിയവ മാലിന്യങ്ങൾ നീക്കുമെന്ന് ഏറ്റിരുന്നെങ്കിലും മാലിന്യ ബാഹുല്യം കണ്ട് അവരൊക്കെ പിന്മാറി.ഇതോടെ കുട്ടികൾ ക്ലീനിംഗ് ഏറ്റെടുക്കുകയായിരുന്നു.
പ്രളയബാധിത പ്രദേശങ്ങളിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പുഴയിലോ മറ്റ് ജല ശ്രോതസ്സുകളിലോ അവ നിക്ഷേപിക്കരുതെന്ന് ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശമുണ്ട്.നദിയിലേക്ക് വീണ്ടും മാലിന്യങ്ങൾ തള്ളുന്നതിനെതിരെ കുട്ടികളുടെ പ്രതിഷേധ സംഗമവും നടന്നു.
ഗ്രീൻ പീപ്പിൾ ഭാരവാഹികളായ ഡോ, ഷാജു തോമസ് ,അസീസ് കുന്നപ്പള്ളി, സച്ചിൻ ജമാൽ , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, വിനോദ് ഇ.ആർ, തുടങ്ങിയവരാകുന്നു ശുചീകരണത്തിന് നേതൃത്വം നൽകിയത്.
മാലിന്യ നിർമ്മാർജ്ജനത്തിന് പുറമേ സ്നേഹാക്ഷരം എന്ന പേരിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നോട്ട്ബുക്ക് ,പഠനത്തിനാവശ്യമായ മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുടെ ശേഖരണവും നടക്കുന്നുണ്ട്. മൂവായിരത്തിലധികം നോട്ട്ബുക്കുകൾ ആണ് ഇതുവഴി ലഭിച്ചത് . ലഭിച്ചവയെല്ലാം ഈസ്റ്റ് മാറാടി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ തന്നെയുള്ള കുട്ടികൾക്കിടയിലും മൂവാറ്റുപുഴയുടെ പരിസര പ്രദേശങ്ങളിലുള്ള മറ്റു സ്കൂളുകളിലേക്കും ആണ് നൽകിയത് . സ്കൂളിലെ തന്നെ നിരവധി വിദ്യാർഥികൾക്ക് വെള്ളപ്പൊക്കത്തിൽ പഠനസാമഗ്രികൾ നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂവാറ്റുപുഴയിൽ ഉളള സ്കൂളുകളിൽ ഒന്നുംതന്നെ സ്നേഹാക്ഷരം എന്ന പരിപാടിയിലൂടെ പഠന സാമഗ്രികളുടെ ശേഖരണം നടത്തിയില്ല .ഇതിനുപുറമേ ഒരു രൂപ ചലഞ്ച് എന്ന പേരിൽ ഒരു പരിപാടി നടത്തുകയും കടകൾ, സ്ഥാപനങ്ങൾ , പൊതു ഇടങ്ങൾ എന്നിവിsങ്ങളിൽ നിന്നും കുറഞ്ഞത് ഒരു രൂപയെങ്കിലും സംഭാവന നൽകാൻ ആവശ്യപ്പെടുകയും ചെയ്തു . വളരെ മികച്ച പ്രതികരണമായിരുന്നു ഇതുവഴി ഉണ്ടായിരുന്നത് .ഇതിലൂടെ ലഭിച്ച തുകയും പഠനോപകരണങ്ങൾ വാങ്ങി നൽകുന്നതിന് ഉപയോഗിച്ചതായി ഈസ്റ്റ് മാറാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖി പറഞ്ഞു.ഇത് കൂടാതെ ഈ സ്കൂളിൽ പഠിച്ച സർട്ടിഫിക്കറ്റുകൾ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടവർക്കായി എൻ.എസ് എസിന്റെ നേതൃത്വത്തിൽ ഒരു ഹെൽപ് ഡെസ്ക് തുടങ്ങുകയും ചെയ്തു