മലയാളത്തിലെ മഹാരഥന്മാരായ എഴുത്തുകാർപോലും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എഴുത്തിനോടുള്ള വിമർശനം വ്യക്തിപരമായ അധിക്ഷേപങ്ങൾക്കു വഴിവയ്ക്കരുതെന്നും എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി എൻ നൗഫലുമായി എഴുത്ത് അനുഭവങ്ങൾ പങ്കു വെയ്ക്കുകയായിരുന്നു അവർ. വായനക്കാർ എല്ലാവരും സമാനഹൃദയർ അല്ല. എഴുത്തിൽ വിമർശനം അനിവാര്യമാണ്. എന്നാൽ ഇത് അതിരുകടക്കുന്നതായാണ് പലപ്പോഴും കാണുന്നത്. പൊതുവിടങ്ങളിലേക്ക് സ്ത്രീകൾ വരുന്നതിനെ നിന്ദയോടെയാണു പൊതുസമൂഹം നോക്കികാണുന്നത്. സോഷ്യൽ മീഡിയ എഴുത്തിന് ഗുണവും ദോഷവുമുണ്ട്. എഡിറ്റർ ഇല്ല എന്നതാണ് ഇതിന്റെ പോരായ്മ. വലിയൊരു സ്പേസ് ആണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ എഴുത്തുകാർക്ക് ലഭിക്കുന്നതെന്നും ദീപ നിശാന്ത് ചൂണ്ടിക്കാട്ടി.