ഏയ്ഞ്ചൽവാലിയിൽ ഈ വർഷം 1600 പട്ടയം വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. കൂട്ടിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഏയ്ഞ്ചൽവാലിയിൽ നിരുപാധിക പട്ടയം വിതരണം ചെയ്യും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ മ്ലാപ്പാറയിൽ ജില്ലകളുടെ അതിർത്തി അളന്നു നിശ്ചയിച്ചിട്ടില്ലായിരുന്നു. 25 വർഷത്തിലധികമായി ജില്ലാ അതിർത്തി നിശ്ചയിക്കപ്പെട്ടിരുന്നില്ല. നിലവിൽ വനം, റവന്യൂ, സർവേ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി സർവേ പൂർത്തീകരിച്ചിട്ടുണ്ട്. ഈ മാസം അഞ്ചിന് വീണ്ടും സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് തയാറായിട്ടുണ്ട്. അതിർത്തി നിശ്ചയിച്ചുകഴിഞ്ഞു. ഇവിടങ്ങളിൽ ഇനി കൃത്യതയോടെയുള്ള പട്ടയം നൽകാനാകും. പട്ടയത്തോടൊപ്പം സ്ഥലത്തിന്റെ സ്‌കെച്ചു കൂടി നൽകുന്നതോടെ ഇവിടെ വീണ്ടും റീസർവേ നടത്തേണ്ടതില്ല. നേരത്തേ നൽകിയ പട്ടയങ്ങൾ സാധൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂട്ടിക്കലിൽ പ്രളയഫണ്ടായി അനുവദിച്ച 75 ലക്ഷം രൂപയിൽ ബാക്കിയുള്ള തുക അടിയന്തരമായി വിനിയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു. തുക വിനിയോഗത്തിന് ഏതെങ്കിലുംതരത്തിലുള്ള സാങ്കേതികതടസങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കുന്നതിന് അടിയന്തരമായി യോഗം വിളിച്ചുചേർക്കണമെന്നും മന്ത്രി കളക്ടർക്ക് നിർദ്ദേശം നൽകി. പ്രളയഫണ്ടുമായി ബന്ധപ്പെട്ട വിനിയോഗം സംബന്ധിച്ച് വ്യക്തവരുത്തുന്നതിന് ഓൺലൈൻ പോർട്ടൽ രൂപീകരിക്കും.
പ്രവചനാതീതമായ കാലാവസ്ഥയിൽ കൂട്ടിക്കലിലും പ്ലാപ്പള്ളിയിലും കൊക്കയാറിലുമുണ്ടായ ഉരുൾപൊട്ടലിൽ 24 പേരെയാണ് നഷ്ടപ്പെട്ടത്. 120 പേർക്കാണ് കൂട്ടിക്കലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടത്. കൂട്ടിക്കലിൽ 23 പേർക്ക് സന്നദ്ധസംഘടനകളുടെ സഹായത്തോടെ വീട് നിർമിച്ച് നൽകി. ബാക്കി 97 പേർക്കും ഭൂമി വാങ്ങുന്നതിനായുള്ള ആറു ലക്ഷം രൂപയും നൽകികഴിഞ്ഞു. വീടു വയ്ക്കുന്നതിനുള്ള നാലു ലക്ഷം രൂപ ഉടൻ കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാപഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ജസ്സി ജോസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം അഞ്ജലി ജേക്കബ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തംഗം പി.എസ്. സജിമോൻ, സബ് കളക്ടർ സഫ്ന നസറുദ്ദീൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.എസ്. മണിയൻ, സനീഷ് പുതുപ്പറമ്പിൽ, ജിജോ കാരയ്ക്കാട്ട്, ബിജോയ് ജോസ് മുണ്ടുപാലം, ഹസൻ കൊപ്ലിയിൽ, പി.ജി. ദീപു, എം.എം. ജോർജ് മടിക്കാങ്കൽ, ജിയാഷ് കരീം, സണ്ണി കദളിക്കാട്ടിൽ, അഡ്വ. ഷിജോ മാത്യു, വില്ലജ് ഓഫീസർ എ.എസ്. മുഹമ്മദ് എന്നിവർ പങ്കെടുത്തു.