സ്‌കൂളുകള്‍ക്ക് അനുവദിക്കുന്ന തുക വിനിയോഗിക്കുന്നതില്‍ മടി കാണിക്കുന്നത് ശരിയല്ലെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. അത് വിനിയോഗിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്നും തണ്ണീര്‍മുക്കം പഞ്ചായത്തിലെ വെള്ളിയാകുളം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനമോ സര്‍ക്കാരോ ഒരു സ്‌കൂളിന് വേണ്ടി പണം അനുവദിച്ചാല്‍ അത് വിനിയോഗിക്കേണ്ട ഉത്തരവാദിത്വം അധ്യാപകര്‍ക്കുണ്ട്. ഇതില്‍ നിന്ന് ഒളിച്ചോടുന്നവരെ സര്‍ക്കാര്‍ ഗൗരവമായി സമീപിക്കും. നമ്മുടെ കുട്ടികളാണ് പഠിക്കുന്നത് എന്ന ബോധവും ബോധ്യവും എല്ലാവര്‍ക്കും ഉണ്ടാകണം. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുമ്പോള്‍ സാധ്യമാവുന്നിടത്തു നിന്നെല്ലാം സഹായം ലഭ്യമാക്കേണ്ടതുണ്ട്. ഇംപ്ലിമെന്റിങ് ഓഫീസര്‍ ഇല്ലെന്ന തടസ്സങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയായ രീതിയല്ലെന്ന് മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസം, പൊതുവിദ്യാലയം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത് അവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്. കേരളത്തില്‍ പൊതുവായിട്ടുള്ളതെല്ലാം വലിയ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. അതിന്റെ ഭാഗമായി എത്രയെത്ര സ്‌കൂളുകളും കോളജുകളും നാട്ടില്‍ ഉയര്‍ന്നുവന്നു. പൊതുവിദ്യാലയങ്ങള്‍ക്ക് പ്രസക്തിയും ആവശ്യക്കാരും ഏറുന്ന കാലമാണിതെന്നും മന്ത്രി പറഞ്ഞു. അഞ്ച് ക്ലാസ് മുറികള്‍ കൂടി സ്‌കൂളിന് ആവശ്യമുണ്ട്. ഇതിനായി ജനപ്രതിനിധി എന്ന നിലയില്‍ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ചടങ്ങില്‍ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായി. 5336 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ എട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളോടെയാണ് ഇരുനില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. ഷാജി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ മിനി ലെനിന്‍, സീന സുര്‍ജിത്, വി. എസ്. സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദന്‍, പഞ്ചായത്ത് സെക്രട്ടറി പി.പി. ഉദയസിംഹന്‍,
വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ എ.കെ. പ്രസന്നന്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.