പ്രളയത്തിൽ കരകവിഞ്ഞ് പോയ തോടുകളുടെ വൃത്തിയാക്കലിന് തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി 150 തൊഴിൽ ദിനങ്ങൾ ലഭ്യമാകത്തക്ക വിധം ലേബർ ചാർട്ട് തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നഷ്ടപ്പെട്ട രേഖകൾ തിരിച്ചുകിട്ടാനുള്ള അപേക്ഷകൾ പഞ്ചായത്ത് ക്രോഡീകരിക്കണം
പ്രളയത്തിൽ റേഷൻകാർഡ്, ആധാർ, ആധാരം തുടങ്ങിയ രേഖകൾ നഷ്ടപ്പെട്ടവർക്ക് അതിനുള്ള അപേക്ഷ പഞ്ചായത്ത് തലത്തിൽ ക്രോഡീകരിച്ച് ഒറ്റ ദിവസത്തെ അദാലത്തിലൂടെ പരിഹരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. ഇതിനായി വിവിധ ഓഫീസുകൾ കയറിയിറങ്ങാൻ അവസരം ഉണ്ടാക്കരുതെന്ന് മന്ത്രി പറഞ്ഞു.
പുറത്ത് അവശേഷിക്കുന്നവരെയും മടക്കിക്കൊണ്ടുവരണം
കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് ഇപ്പോഴും പുറത്തെ ക്യാമ്പുകളിൽ ആളുകൾ കഴിയുന്നുണ്ട്. നിലവിൽ പഞ്ചായത്തിൽ തന്നെ ഹാൾ ലഭ്യമാണെങ്കിൽ അതുപയോഗിച്ചും അല്ലാത്തിടത്ത് വാടകയ്ക്ക് എടുത്തും അവരെ നാട്ടിലെത്തിക്കുന്നതിന് മുൻകൈ എടുക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പ്രളയത്തിൽ തകർന്ന വീടുകളുടെ പരിശോധന എൻജിനിയർമാരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഇത് എത്രയും പെട്ടെന്ന് പൂർത്തിയാക്കും. അതിന്റെ അടിസ്ഥാനത്തിൽ പൂർണമായും തകർന്ന വീടുകൾക്ക് നാലുലക്ഷം രൂപ നൽകും. തകർന്ന വീടുകൾ സംബന്ധിച്ച് എഞ്ചിനിയർമാർ തയ്യാറാക്കുന്ന റിപ്പോർട്ട് അടിസ്ഥാന രേഖയായി കണക്കാക്കാനും മന്ത്രി നിർദ്ദേശം നൽകി. കൈനകരി പഞ്ചായത്തിൽക്കൂടി സന്ദർശിച്ച് ഇന്നലെ വൈകിയാണ് മന്ത്രി മടങ്ങിയത്.