എസ്.എ.ടി. ചരിത്രത്തിലേക്ക്
സര്‍ക്കാര്‍ മേഖലയിലെ കുട്ടികള്‍ക്ക് മാത്രമായുള്ള ആദ്യ കാത്ത് ലാബിന്റെ പ്രവര്‍ത്തനം എസ്.എ.ടി. ആശുപത്രിയില്‍ തുടങ്ങി. രണ്ട് ദിവസം കൊണ്ട് ജനിതക ഹൃദ്രോഗമുള്ള 16 കുട്ടികള്‍ക്കാണ് ഇവിടെ ചികിത്സ ലഭ്യമാക്കിയത്. 10 മാസം മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭിച്ചത്. ചികിത്സ ലഭ്യമായ കുട്ടികള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാനാകും.
മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ലോകപ്രശസ്തനായ ഇന്റര്‍വെന്‍ഷണല്‍ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ കെ. ശിവകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.എ.ടി. ആശുപത്രി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ്. ലക്ഷ്മി ആണ് കാത്ത് ലാബ് ചികിത്സ നടത്തിയത്. കാത്ത് ലാബ് അനസ്തീഷ്യ വിദഗ്ധ ഡോ. അനു, പീഡിയാട്രിക് കാര്‍ഡോളജി വിഭാഗം ഹെഡ് നഴ്സ് റുമൈസയുടെ നേതൃത്വത്തിലുള്ള നഴ്സ്മാര്‍, കാത്ത് ലാബ് ടെക്നീഷ്യന്‍മാരായ അശ്വതി, രേവതി, മറ്റ് ജീവനക്കാര്‍ എന്നിവരുടെ സംഘവും  ഈ ചരിത്ര വിജയത്തിന് പിന്നിലുണ്ട്. മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗത്തിന്റെയും കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിന്റെയും പൂര്‍ണ പിന്തുണ ഇതിന് ലഭിച്ചു.
എസ്.എ.ടി. ആശുപത്രിയുടെ ദീര്‍ഘകാല സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുട്ടികളിലും നവജാത ശിശുക്കളിലും കാണപ്പെടുന്ന ജനിതക ഹൃദ്രോഗങ്ങളില്‍ പകുതിയോളം ഹൃദയം തുറന്ന് ശസ്ത്രക്രിയ ചെയ്യാതെ ഈ കാത്ത് ലാബ് വഴി ചികിത്സിച്ച് ഭേദമാക്കാനാവും. സ്വകാര്യ ആശുപത്രികളില്‍ ഒന്നര ലക്ഷത്തിന് മുകളില്‍ ചെലവു വരുന്ന ചികിത്സ സര്‍ക്കാര്‍ സൗജന്യമായാണ് ചെയ്യുന്നത്. എസ്.എ.ടി. ആശുപത്രിയില്‍ നാമമാത്രമായിരുന്ന പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 6 കോടി രൂപ ചെലവഴിച്ച് കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് അധ്യാപക അനധ്യാപകരുടെ 13 തസ്തികകളും സൃഷ്ടിച്ചു.
കുട്ടികളുടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഓപ്പറേഷന്‍ കൂടാതെ ഞരമ്പ് വഴി ഉപകരണം കടത്തിവിട്ടാണ് കാത്ത് ലാബ് ചികിത്സ നടത്തുന്നത്. ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുക, ചുരുങ്ങിയ വാല്‍വുകള്‍ പൂര്‍വസ്ഥിതിയിലാക്കുക, നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിക്കാനുതകുന്ന ബലൂണ്‍ ഏട്രിയല്‍ സെപ്റ്റോസ്റ്റമി എന്നിവയൊക്കെ ചെയ്യാന്‍ കാത്ത് ലാബിലൂടെ കഴിയും.
കേരളത്തില്‍ നൂറിലൊന്ന് കുട്ടികള്‍ക്ക് ജന്മനാ ഹൃദയവൈകല്യം ബാധിക്കുന്നതായാണ് കണ്ടെത്തല്‍. ഈ കുട്ടികളുടെ സൗജന്യ ചികിത്സയ്ക്കായാണ് സര്‍ക്കാര്‍ ഹൃദ്യം പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  ജനിച്ച കുഞ്ഞ് മുതല്‍ 12 വയസുവരെയാണ് എസ്.എ.ടി.യില്‍ ചികിത്സയെങ്കിലും 12 വയസിന് മുകളിലുള്ള കുട്ടികളുടെ ഹൃദയ വൈകല്യങ്ങളും കാത്ത്ലാബിലൂടെ ചികിത്സിക്കുമെന്ന് പ്രിന്‍സിപ്പലും സൂപ്രണ്ടും അറിയിച്ചു.