പാലക്കാട് നടന്ന 15 മത് സംസ്ഥാന എക്സൈസ് കലാ-കായിക മേളയോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെല്ലിന്റെ (എസ്.എ.ആർ.സി.) സേവനം പ്രശംസനീയമായി.നവംബർ 10,11,12 തീയതികളിൽ കോട്ടമൈതാനം, വിക്ടോറിയ കോളെജ്, ടൗൺ സ്‌ക്വയർ ക്‌ളബ് എന്നിവിടങ്ങളിൽ നടന്ന ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ, കബഡി തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്ത അത്ലറ്റുകൾക്ക് സെല്ലിന്റെ സേവനം ലഭിച്ചു. മത്സരങ്ങളിൽ പങ്കെടുത്ത 120 ഓളം കായികതാരങ്ങൾക്കുണ്ടായ പരിക്കുകൾക്ക് വിദഗ്ധ ചികിത്സയും മരുന്നും യൂനിറ്റ് നൽകി. മൂന്ന് ദിവസങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെ മുൻനിർത്തി മികച്ച സേവനത്തിനുള്ള സാക്ഷ്യപത്രം എക്സൈസ് കമ്മീഷനർ ഋഷിരാജ് സിങ് യൂനിറ്റിന് നൽകി. 2017 ജൂലൈയിൽ ജില്ലാ ആശുപത്രിയിൽ തുടങ്ങിയ യൂനിറ്റിന്റെ പ്രവർത്തനങ്ങൾക്ക് ഈ സാക്ഷ്യപത്രം പ്രചോദനമായതായി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.