അഷ്ടമുടി കേന്ദ്രീകരിച്ച് ടൂറിസം വികസനം പുതിയ തലങ്ങളിലേക്കെത്തിക്കാന്‍ പുതുമയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദ്ദേശം. കലക്‌ട്രേറ്റില്‍ എം. മുകേഷ് എം. എല്‍. എ. യുടേയും ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്റേയും സാന്നിദ്ധ്യത്തില്‍ നടന്ന ടൂറിസം അടക്കമുള്ള വകുപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അഷ്ടമുടിയുടെ എട്ട് മുടികളേയും ബന്ധപ്പെടുത്തിയ ട്രാംകാര്‍ യാത്രയ്ക്കായി സാധ്യതാപഠനം നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. തീരത്ത് കൂടി കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും മാത്രമുള്ള റിംഗ്‌റോഡ് സംവിധാനത്തിനും പദ്ധതി തയ്യാറാക്കണം. കായല്‍ക്കയ്യേറ്റം തടയുന്നതിന് സഹായമാകുന്ന നിലയിലാകണം പദ്ധതി. അഷ്ടമുടിയിലെ കണ്ടല്‍ വൈവിദ്ധ്യം ആസ്വദിക്കുന്നതിന് പരിസ്ഥിതി സൗഹൃദ യാത്രയ്ക്കുള്ള അവസരം ഒരുക്കണം. ആശ്രാമത്ത് കെ. എസ്. ആര്‍. ടി. സി. സ്റ്റാന്‍ഡിനടുത്ത് ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ സാങ്കേതിക അനുമതിക്കായി നടപടികള്‍ വേഗത്തിലാക്കണം. പുള്ളിക്കടയില്‍ മാലിന്യ ട്രീറ്റ്‌മെന്റ് പ്‌ളാന്റിന് മുന്‍ഗണന നല്‍കണം.
ചരിത്രപ്രാധാന്യമുള്ള എസ്.എം.പി. പാലസ് മ്യൂസിയമോ ആര്‍ട്ട് ഗ്യാലറിയോ ആക്കിമാറ്റുന്നതിനുള്ള സാധ്യതയും പരിശോധിക്കണം. ടൂറിസം മേഖല സജീവമാക്കാന്‍ അഷ്ടമുടിക്കായലിന്റേയും നഗരത്തിന്റെയാകെയും ശുചീകരണത്തിന് പ്രഥമപരിഗണന നല്‍കണം. ക്ലീന്‍ കൊല്ലം പദ്ധതിക്കൊപ്പം ടൂറിസം പദ്ധതികള്‍ കൂടി യാഥാര്‍ത്ഥ്യമാക്കും വിധം സാധ്യതാപഠനവും പദ്ധതികളുടെ രൂപീകരണവും നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍. അനില്‍കുമാര്‍, ടൂര്‍ഫെഡ് എം. ഡി. ഷാജി മാധവന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്‍, ഡി. റ്റി. പി. സി സെക്രട്ടറി സി. സന്തോഷ് കുമാര്‍ എന്നവര്‍ പങ്കെടുത്തു.