ശബരിമല അയ്യപ്പ സന്നിധിയില്‍ തുടര്‍ച്ചയായ 13-ാം വര്‍ഷവും സംഗീതാര്‍ച്ചന നടത്തിയതിന്റെ നിര്‍വൃതിയിലാണ് സംഗീതജ്ഞന് പെരുമ്പുഴ പ്രമോദ്. മകരവിളക്കിനെത്തിയ ഭക്തജനങ്ങള്‍ക്ക് മുന്നിലാണ് ശ്രീ ശാസ്ത ഓഡിറ്റോറിയത്തില്‍ സംഗീത സദസ് അവതരിപ്പിച്ചത്. തിരുനെല്ലൂര്‍ അജിത് വയലിനും ചേര്‍ത്തല കൃഷ്ണകുമാര്‍ മൃദംഗവും പുത്തൂര്‍ സൂരജ് ഘടവും വായിച്ചു. കാരിക്കോട് ടി.കെ.എം. പബ്ലിക് സ്കൂളിലെ സംഗീതാധ്യാപകനാണ് പ്രമോദ്. തന്റെ ജീവിതത്തിലെ എല്ലാ ഐശ്വര്യങ്ങള്‍ക്കും ഉയര്‍ച്ചകള്‍ക്കും പിന്നില്‍ അയ്യന്റെ മുന്നിലുള്ള സംഗീതാര്ച്ചനയാണെന്ന് പ്രമോദ് വിശ്വസിക്കുന്നു.
സംഗീത സപര്യയുടെ 25-ാം വര്‍ഷത്തിലെത്തി നില്ക്കുന്ന പ്രമോദിന് കാഞ്ചി കാമകോടി പീഠത്തില്‍ നിന്ന് ആസ്ഥാന വിദ്വാന് പട്ടവും അധ്യാപക കലാസാഹിതിയുടെ കൗമുദി ടീച്ചര്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിലും കഴിഞ്ഞ 25 വര്‍ഷമായി പ്രമോദ് പാടാറുണ്ട്. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണവും ചെമ്പൈ സംഗീത കോളേജില്‍ നിന്ന് ഗാനപ്രവീണയും പ്രമോദ് പാസായിട്ടുണ്ട്.