പുതുമോടിയിൽ തിളങ്ങി വണ്ടൂർ ഗവ: വിഎംസി ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂളിൽ പൂർത്തിയാക്കിയ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം എ.പി അനിൽകുമാർ എം.എൽ.എ നിർവഹിച്ചു. മുറ്റത്തിന്റെ നവീകരണം, ഓപ്പൺ എയർ തീയേറ്റർ, നടപ്പാതകൾ, ഇരിപ്പിടങ്ങൾ എന്നിവയുടെ നിർമാണം തുടങ്ങിയവ ഉൾപ്പെട്ടതാണ് പദ്ധതി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം വകയിരുത്തിയാണ് സൗന്ദര്യവത്കരണം പൂർത്തിയാക്കിയത്. വിദ്യാലയത്തിന്റെ പാരമ്പര്യ തനിമ നിലനിർത്തി നാലുകെട്ടിന്റെ നടുമുറ്റം അലങ്കാര പുല്ലും ചെടികളും നട്ടു ഉദ്യാനമാക്കി ചുറ്റും ചുട്ടുകട്ട പാകി മുറ്റം നവീകരിച്ചു . ഓപ്പൺ ഏയർ തിയറ്റർ , നടപ്പാതകൾ , മരങ്ങൾക്കു ചുറ്റും മനോഹരമായ ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് സ്‌കൂളിൽ തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥലവും മരങ്ങളും ഉള്ള ക്യാമ്പസുകളിൽ ഒന്നാണ് വണ്ടൂർ ഗവ: വിഎംസി എച്ച്.എസ്.എസ്. മരങ്ങൾ നശിപ്പിക്കാതെയും പ്രകൃതി ഭംഗി നഷ്ട പ്പെടാതെയും പരിസ്ഥിതി സൗഹൃദ രീതിയിലാണു പ്രവൃത്തികൾ നടത്തിയത്.
സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇ ടി ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വിദ്യാലയത്തിനുള്ള വാട്ടർ പ്യൂരിഫയർ കൈമാറ്റവും നടന്നു. വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.സിതാര, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സാജിത, പി ടി എ പ്രസിഡന്റ് പി.സിറാജുദ്ധീൻ, എസ്.എം.സി ചെയർമാർ എ.കെ ശിഹാബുദ്ധീൻ, സി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.