പദ്ധതി രൂപീകരണ ജില്ലാസഭ ചേർന്നു

ശാസ്ത്രതല്പരരായ സ്കൂൾ വിദ്യാർത്ഥികളിൽ നൂതന ആശയങ്ങൾ വളർത്തുന്നതിനും കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനുമായി ടിങ്കറിങ്ങ് ലാബുകൾ ഒരുക്കുന്ന പ്രൊജക്ടുമായി തൃശ്ശൂർ ജില്ലാ പഞ്ചായത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റൊബോട്ടിക്സ്, എംബെഡഡ് സിസ്റ്റം, മെഷീൻ ലേണിങ്ങ് തുടങ്ങിയ സാങ്കേതിക വിദ്യകൾ മനസിലാക്കാനുതകുന്നതാണ് ടിങ്കറിങ്ങ് ലാബ്. സയൻസ്, ടെക്നോളജി, എൻജിനീയറിംഗ് ആർട്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലൂന്നിയ സ്റ്റിം സിലബസാണ് ടിങ്കറിങ്ങ് ലാബിലൂടെ പഠിപ്പിക്കുക. ജില്ലാസഭയിൽ അവതരിപ്പിച്ച കരട് പദ്ധതി അംഗീകാരം ലഭിച്ചാൽ ജില്ലയിലെ അഞ്ച് സ്കൂളുകളിൽ ഹൈടെക് ടിങ്കറിങ്ങ് ലാബുകൾ ഒരുക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്.

ജില്ലാ പഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതി രൂപീകരണ ജില്ലാസഭയിൽ തദ്ദേശ സ്വയംഭരണ പ്രതിനിധികൾക്ക് ടിങ്കറിങ്ങ് ലാബിലെ റൊബോട്ടുകളുടെ പ്രദർശനവും നടത്തി. ആലത്തൂർ ആസ്ഥാനമാക്കിയ ഇൻഡസ്ട്രിയൽ റൊബോട്ടിക്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് റൊബോട്ടുകൾ, ഡ്രോണുകൾ, ത്രിഡി പിന്റെറുകൾ തുടങ്ങിയ സാങ്കേതിക വിദ്യകളുടെ പ്രദർശനവും ഡെമോൺസ്ട്രേഷനും നടത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ജില്ലാസഭ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സമഗ്ര വികസനത്തിനായി ജില്ലാ പഞ്ചായത്ത് കരട് പദ്ധതിയിൽ വെച്ച 232 നിർദ്ദേശങ്ങൾ ജില്ലാസഭ ചർച്ച ചെയ്തു.

തൊഴിൽ സംരംഭം, ലൈഫ് ഭവന നിർമ്മാണം, വന്യമിത്ര, കാൻ തൃശൂർ, സമേതം, ശുഭാപ്തി തുടങ്ങിയ പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന നിർദേശങ്ങൾ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ജില്ലാസഭയിൽ പ്രാധാന്യം നൽകി നിർദ്ദേശങ്ങൾ നൽകി. അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം, പുതിയ സംരംഭങ്ങൾക്ക് പിന്തുണ നൽകി തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തൽ, വയോജന പരിപാലനം, മറ്റ് അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ തുടങ്ങി നടപ്പിലാക്കേണ്ട പദ്ധതികളും ആശയങ്ങളും ചർച്ച ചെയ്തു.

16 കർമ്മ സമ്മതികൾ ചർച്ച ചെയ്ത് അടുത്ത വർഷം നടപ്പാക്കേണ്ട പദ്ധതികളുടെ കരട് നിർദേശങ്ങൾ മുന്നോട്ടുവെച്ചു. വീടില്ലാത്ത എല്ലാ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് രണ്ട് വർഷത്തിനുള്ളിൽ വീട് നൽകാൻ സമഗ്ര പദ്ധതി, ശുഭാപ്തി പ്രൊജക്ടുമായി ബന്ധപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സ്കിൽ ഡെവലപ്മെന്റ് ട്രെയിനിംഗ് നൽകി സ്വയം തൊഴിൽ കേന്ദ്രങ്ങളും തൊഴിൽപരിശീലന കേന്ദ്രങ്ങളും ആരംഭിക്കുക, ഇരിങ്ങാലക്കുട ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് നിൽക്കുന്ന സ്ഥലത്ത് വനിതകൾക്ക് തൊഴിൽ ലഭ്യമാകുന്ന പദ്ധതി ആരംഭിക്കുക, പ്രാദേശിക ടൂറിസം പദ്ധതികൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുക, ക്ഷീരമേഖലയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനായി കന്നുകുട്ടി പരിപാലനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുക, വനിത ട്രാൻസ്പോർട്ട് പദ്ധതി പുനരാരംഭിക്കുക, കാർഷികോൽപന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉൽപ്ന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുക, മണ്ണുത്തി ഫാമിലെ വെളിച്ചെണ്ണയ്ക്ക് ബ്രാൻഡിംഗ് നടത്തുക, കാലിത്തീറ്റ ഉൽപാദനത്തിന് ചോള കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ പദ്ധതികൾ നിർദേശിച്ചു.

രാമവർമ്മപുരം വിജ്ഞാൻ സാഗർ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ലതാ ചന്ദ്രൻ അധ്യക്ഷനായി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ കരട് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പദ്ധതികൾ അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലാഭൻ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് കെ വി നഫീസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് എസ് ബസന്ത് ലാൽ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി ചന്ദ്രബാബു, സെക്രട്ടറി ടി യു പ്രസന്നകുമാർ, തദ്ദേശ്വസ്വയം ഭരണ സ്ഥാപന പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.