കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ ജനാധിപത്യവും ഫെഡറലിസവും എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. എം. സ്വരാജാണ് ചർച്ചയുടെ മോഡറേറ്റർ. എം.പി. മാരായ ജോസ് കെ. മാണി, അബ്ദുൾസമദ് സമദാനി എം.എൽ.എമാരായ എം.വി.ഗോവിന്ദൻ മാസ്റ്റർ, രമേശ് ചെന്നിത്തല, മാത്യു ടി. തോമസ് എന്നിവരും കാനം രാജേന്ദ്രൻ, പി.കെ.കൃഷ്ണദാസ് എന്നിവരും പങ്കെടുക്കും.
ആകെ 15 പുസ്തകങ്ങളുടെ പ്രകാശനമാണ് അഞ്ചാം ദിനം നടക്കുക. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ ‘കത്തുന്ന തലയണ’ എന്ന പുസ്തകം ജോർജ് ഓണക്കൂർ പ്രകാശനം ചെയ്യും. രേഖ.ആർ.താങ്കൾ എഴുതിയ ‘പഴമൊഴിച്ചെപ്പ്’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് പി.സി വിഷ്ണുനാഥ് എം.എൽ.എ യാണ്. കെ.രാജഗോപാൽ എഴുതിയ ‘പതികാലം’ എന്ന പുസ്തകം മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും.
പി.രവികുമാർ എഴുതിയ നചികേതസ് എന്ന പുസ്തകവും, പി.കെ അനിൽ കുമാറിന്റെ പുസ്തകം പ്രസംഗകലയുടെ രസതന്ത്രം, കുഴൂർ വിൽസൺ എഴുതിയ മിഖായേൽ എന്ന കവിതാ സമാഹാരം എന്നിവയും പ്രകാശനം ചെയ്യും. എസ്.കമറുദ്ദീൻ എഴുതിയ ‘പറക്കാൻ കൊതിക്കുന്ന പക്ഷികൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് കെ.വി.മോഹൻകുമാറാണ്. സുകു പാൽകുളങ്ങര എഴുതിയ ‘ഗാന്ധിജിയുടെ ഖാദിയാത്ര’ എന്ന പുസ്തകം ജോർജ് ഓണക്കൂർ പ്രകാശനം ചെയ്യും. പി.വിജയകൃഷ്ണൻ എഴുതിയ ലോകസിനിമയുടെ കഥ എന്ന പുസ്തകം ശ്യാമപ്രസാദിന് നൽകി പ്രകാശനം നിർവഹിക്കുന്നത് കെ.ജയകുമാറാണ്.
കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകി കാവ്യത്തിന്റെ 100-ാം വാർഷികവും പുതിയ പതിപ്പിന്റെ പ്രകാശനവും, സി ദിവാകരൻ എഴുതിയ ‘അടിച്ചമർത്തപ്പെട്ടവരുടെ സമരഗാഥ’ എന്ന പുസ്തകത്തിന്റേയും പ്രകാശനം പുസ്തകോത്സവത്തിൽ നടക്കും.
സി.പി.സുരേന്ദ്രൻ എഡിറ്റ് ചെയ്ത ‘ആരാണ് മാഗ്സസെ’ എന്ന പുസ്തകം എം.വി.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ പ്രകാശനം ചെയ്യും. ബൈജു ചന്ദ്രൻ രചിച്ച ‘ജീവിതനാടകം’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് അടൂർ ഗോപാലകൃഷ്ണനാണ്. വി.കെ.ബാബുപ്രകാശ് എഴുതിയ ‘നീതിയുടെ പ്രതിസ്പന്ദം’ എന്ന പുസ്തകം സ്പീക്കർ എ.എൻ.ഷംസീർ പ്രകാശനം ചെയ്യും. കെ.ജയകുമാർ എഴുതിയ ‘സൗപർണികാമൃതം’ എന്ന ഗാനസമാഹാരം രവി മേനോൻ പ്രകാശനം ചെയ്യും.
വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിലെ വിഷൻ ടോക്കിൽ ശ്രീധന്യ സുരേഷും ഇന്ത്യൻ സ്പേസ് പ്രോഗ്രാം എന്ന വിഷയത്തിലെ വിഷൻ ടോക്കിൽ വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായരും സംസാരിക്കും. പൊതുജനങ്ങൾക്കായി ക്വിസ് മത്സരവും അഞ്ചാം ദിനം സംഘടിപ്പിച്ചിട്ടുണ്ട്.