സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പാക്കി മുഖം മിനുക്കാനൊരുങ്ങി പെരുമ്പളം ഗ്രാമപഞ്ചായത്ത്. ജില്ലയിലെ ഏക ദ്വീപ് പഞ്ചായത്താണ് പെരുമ്പളം. അതുകൊണ്ട് തന്നെ ഇവിടുത്തെ ടൂറിസം സാധ്യതകളും വളരെ വലുതാണ്. ഇതിന്റെ മുന്നോടിയായി കാളത്തോട് രചന ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രത്യേക ഗ്രാമസഭ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മുഖ്യാതിഥിയായി. പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ അധ്യക്ഷത വഹിച്ചു.

പരിസ്ഥിതിയേയും സംസ്‌കാരത്തേയും പൈതൃകത്തേയും സംരക്ഷിച്ചുകൊണ്ട് പ്രദേശവാസികള്‍ക്ക് ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പ് വരുത്തി ആ പ്രദേശത്തെ മികച്ച ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ലക്ഷ്യം. ഉത്തരവാദിത്ത ടൂറിസം മിഷനുമായി സഹകരിച്ച് പഞ്ചായത്തില്‍ വിവിധ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നു എന്നത് വിനോദ സഞ്ചാരികള്‍ക്കും ദ്വീപ് നിവാസികള്‍ക്കും പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.

വ്യതസ്ത ഇനം ചെടികള്‍, ഔഷധ സസ്യങ്ങള്‍, കണ്ടലുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് ഈ ദ്വീപ്. വിനോദ സഞ്ചാരികള്‍ക്ക് ദേശാടന പക്ഷികളുടെ സാന്നിധ്യവും ഉള്‍നാടന്‍ മത്സ്യബന്ധന രീതികളും കണ്ട് ആസ്വദിക്കാം. ഇതെല്ലാം പ്രയോജനപ്പെടുത്തിയുള്ള ആകര്‍ഷകമായ ടൂറിസം പദ്ധതിയാണ് ഇവിടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. കരയുമായി ദ്വീപിനെ ബന്ധിപ്പിക്കുന്ന പെരുമ്പളം പാലത്തിന്റെ നിര്‍മാണവും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പാലത്തിന്റെ നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ വരവ് വളരെയേറെ വര്‍ദ്ധിക്കും. ഇത് കൂടി മുന്നില്‍ കണ്ടാണ് ഉത്തരവാദിത്ത ടൂറിസമെന്ന ആശയം പഞ്ചായത്തില്‍ നടപ്പാക്കുന്നത്.

ഹോംസ്റ്റേ സൗകര്യം സജ്ജീകരിക്കുന്നതിനൊപ്പം കായല്‍ വിഭവങ്ങള്‍ കോര്‍ത്തിണക്കിയ നാടന്‍ ഭക്ഷണവും ഇവിടെ ഒരുക്കും. ദ്വീപ് വിഭവങ്ങളുടെ വിപുലമായ ഉത്പാദനവും വിപണനവും സാധ്യമാക്കും. വിവിധ കലാപരിപാടികളും നടത്തും. ചരിത്ര ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന ദ്വീപിലെ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, വഞ്ചിപ്പുരകള്‍, പരമ്പരാഗത തൊഴില്‍ മേഖലകള്‍, നാടന്‍ കലകള്‍, ആഘോഷങ്ങള്‍, കൈത്തൊഴിലുകള്‍, പുരാതന നാലുകെട്ടുകള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും.

കായലിനെയും പ്രകൃതിയെയും മലിനമാക്കാത്ത തരത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി പെഡല്‍ ബോട്ട്, കയാക്കിംഗ്, ശിക്കാര വള്ളങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തും. ദ്വീപിലേക്കുള്ള 13 ബോട്ട് ജെട്ടികളും ചെടികളും മറ്റും വെച്ച് പിടിപ്പിച്ച് മനോഹരമാക്കുകയും പാര്‍ക്കുകളും വിശ്രമ കേന്ദ്രങ്ങളും സ്ഥാപിക്കുകയും ചെയ്യും. വിനോദ സഞ്ചാരികള്‍ തന്നെ ചൂണ്ടയിട്ട് പിടിക്കുന്ന മീനുകളെ അപ്പോള്‍ തന്നെ പാചകം ചെയ്ത് ഭക്ഷിക്കാവുന്ന സംവിധാനങ്ങളും ഇവിടെയൊരുക്കും.

ചടങ്ങില്‍ ഉത്തരവാദിത്വ ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിക്ക് ഒന്നാം സ്ഥാനം ലഭിച്ച ദ്വീപ് നിവാസിയായ അദീനയ്ക്ക് ജില്ല കളക്ടര്‍ ഉപഹാരം നല്‍കി.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ശ്രീമോള്‍ ഷാജി, കുഞ്ഞന്‍ തമ്പി, സരിത സുജി, അംഗങ്ങളായ യു.വി. ഉമേഷ്, പി.സി. ജബീഷ്, ഷൈലജ ശശികുമാര്‍, ഗീത സന്തോഷ്, എം.എന്‍. ജയകരന്‍, മുന്‍സില ഫൈസല്‍, സി. ഗോപിനാഥ്, സുനിത സജീവ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ അംബിക ചന്ദ്രന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍.പി. അച്യുതന്‍, പഞ്ചായത്ത് സെക്രട്ടറി ജി.വി. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടൂറിസം പ്രമോഷന്‍ വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.