എല്ലാ തൊഴിലന്വേഷകർക്കും അനുയോജ്യമായ തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചിറ്റാറ്റുകര പഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു.

അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് വിവിധ വകുപ്പുകളിൽ അവസരം ഉറപ്പാക്കാൻ ഗ്രാമസഭ പോലെ അതത് തദ്ദേശ സ്ഥാപനത്തിൽ തൊഴിലന്വേഷക സമിതി രൂപീകരിച്ച് അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെ കീഴിൽ ‘ഒരു വർഷം, ഒരു ലക്ഷം സംരംഭകർ’ പദ്ധതിക്കൊപ്പം തൊഴിൽ സഭയും ചേർന്ന് ഒരു പഞ്ചായത്തിൽ കുറഞ്ഞത് 20 വനിതാ സംരംഭങ്ങൾ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

തൊഴിൽ സഭകൾ സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകും. വിവാഹശേഷം ജോലി ഉപേക്ഷിച്ചവർ, വിധവകൾ, വേർപിരിഞ്ഞവർ തുടങ്ങിയവർക്ക് മുൻഗണന നൽകും. ട്രാൻസ്‌ജെൻഡർ, വികലാംഗർ, ആദിവാസികൾ തുടങ്ങിയവർക്കും തൊഴിൽ സഭകൾ ഉറപ്പാക്കും.

ആളംതുരുത്ത് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സമീറ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ വി.എ താജുദ്ദീൻ, ലൈബി സാജു, ഷെറിന ബഷീർ, വാസന്തി പുഷ്പൻ, എം.എ സുധീഷ്, ധന്യ ബാബു, എം.എസ് അഭിലാഷ്, ആസൂത്രണ സമിതി അംഗം ടി.എസ് രാജൻ, സിഡിഎസ് ചെയർപേഴ്സൺ സാറാബീവി സലിം, സിഡിഎസ് അംഗങ്ങൾ, കമ്മ്യൂണിറ്റി അംബാസിഡർ ആര്യ എന്നിവർ പങ്കെടുത്തു.