മുടക്കുഴ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചുരുളിച്ചിറയിൽ കയർ ഭൂവസ്ത്രം വിരിക്കൽ പുരോഗമിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് അമൃത് സരോവർ പദ്ധതിയുടെ ഭാഗമായാണ് ചിറയുടെ പാർശ്വഭിത്തിയിൽ കയർ ഭൂവസ്ത്രം വിരിക്കുന്നത്.

രണ്ടര ലക്ഷം രൂപ ചെലവിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ആകെ 422.50 ചതുരശ്ര മീറ്റർ സ്ഥലത്താണ് കയർ ഭൂവസ്ത്രം സ്ഥാപിക്കുന്നത്. ഇതുവഴി 600 തൊഴിൽ ദിനങ്ങളാണ് ലഭിക്കുക. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ ചിറയെ സംരക്ഷിച്ച് മനോഹരമായി നിലനിർത്തുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി 60 സെന്റ് വിസ്തൃതിയുള്ള ചിറയിലെ വെള്ളം വറ്റിച്ച് ചെളി നീക്കി വൃത്തിയാക്കിയിരുന്നു. ഇത്തരത്തിൽ നീക്കിയ ചെളി ഉപയോഗിച്ചാണ് ചിറയുടെ ബണ്ട് ഭൂവസ്ത്രം വിരിക്കുന്നതിനായി പരുവപ്പെടുത്തിയത്. നിലവിൽ കയർ ഭൂവസ്ത്രം വിരിക്കുന്നതിനൊപ്പം അതിന് മുകളിൽ ചെടികളും നട്ടുപിടിപ്പിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഭാവിയിൽ ഇവിടം കേന്ദ്രീകരിച്ച് കുട്ടികളുടെ പാർക്ക് അടക്കമുള്ള വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കാൻ ആലോചനയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ പറഞ്ഞു.