കല്‍പ്പറ്റ: സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ തകര്‍ത്ത പ്രളയത്തിന് ശേഷം പതിയെ സാധാരണ ജീവിതത്തിലേക്കു വരാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകരടക്കമുള്ളവര്‍. കാര്‍ഷികരംഗത്ത് വന്‍ നാശനഷ്ടങ്ങളുണ്ടായെങ്കിലും ചിരസ്ഥായിയായ വിളകളെ രക്ഷിക്കാനും അടുത്ത വിളവെടുക്കുവാനും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കൃഷിയിലൂടെ മാത്രമേ കാര്‍ഷിക കേരളത്തിന് തിരിച്ചുവരവ് സാധ്യമാവുകയുള്ളൂ. ഈ വേളയില്‍ കാര്‍ഷിക രംഗത്തില്‍ പൊതുവില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ പുറത്തിറക്കി.

പൊതുമാര്‍ഗനിര്‍ദേശങ്ങള്‍

വെള്ളം ഇനിയും ഒഴിഞ്ഞുപോവാതെ വൃക്ഷത്തടങ്ങളില്‍ കെട്ടിക്കിടക്കുന്നുവെങ്കില്‍ ചെറു ചാലുകള്‍ എടുത്ത് ഒഴുകിപ്പോവാന്‍ അനുവദിക്കുക. കെട്ടിക്കിടക്കുന്ന ചളി കട്ടപിടിച്ച്, മണ്ണിലെ വായുസഞ്ചാരം പൂര്‍ണമായി തടസ്സപ്പെടാന്‍ ഇടയാക്കാതെ, അത് ഇളക്കിമാറ്റുകയോ കൊത്തിക്കിളച്ച് കൊടുക്കുകയോ വേണം. വളരെ കൂടിയ അളവില്‍ ചളി കെട്ടിക്കിടക്കുന്ന കൃഷിഭൂമിയില്‍ സെന്റിന് ഒരു കിലോഗ്രാം എന്ന തോതില്‍ കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് വിതറണം. മിക്കവാറും കൃഷിഭൂമികളില്‍ നിന്നു പൊട്ടാഷ് ഒലിച്ചുപോയിരിക്കും. അതുകൊണ്ട് വിളകള്‍ക്ക് പൊട്ടാഷ് വളങ്ങള്‍ ഇടുക അടുത്ത വിളയ്ക്കു മുമ്പായോ ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ തന്നെയോ മണ്ണുപരിശോധന നടത്തണം. അതു പ്രകാരമുള്ള പരിപാലന മുറകള്‍ അവലംബിക്കണം.