വടുവന്‍ചാല്‍: മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചാലിയാറിന്റെ തീരത്ത് നിബിഡ വനത്തിനകത്തുള്ള പരപപ്പന്‍പാറ പ്രദേശത്ത് താമസിക്കുന്ന 12 ചോലനായ്ക്ക കുടുംബങ്ങളെ എട്ടാം വാര്‍ഡില്‍ വട്ടത്തുവയല്‍ പ്രദേശത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമായി. 2009-ല്‍ മൂപ്പൈനാട് പ്രദേശത്തുണ്ടായ വലിയ ഉരുള്‍പൊട്ടലില്‍ പരപ്പന്‍പാറ
കോളനിയിലും അപകടം സംഭവിച്ചിരുന്നു. അന്നുമുതല്‍ പരപ്പന്‍പാറ കോളനിക്കാരുടെ പുനരധിവാസം സാധ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്തും വനംവകുപ്പും നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, കോളനിയിലെ മുതിര്‍ന്ന അംഗങ്ങള്‍ വനവും വനത്തിനകത്തെ ദൈവപ്പുരയും മറ്റും ഉപേക്ഷിച്ചു വരാന്‍ തയ്യാറാവാതായതോടെ നടപടികള്‍ ഫലം കണ്ടില്ല. എന്നാല്‍, കോളനിയിലെ പുതുതലമുറ വനം ഉപേക്ഷിച്ച് പുറത്തുവരണമെന്ന ആവശ്യം ശക്തമാക്കിയതോടെയാണ് ഇടപെടല്‍ അനുകൂലമായത്. ജില്ലാ ജഡ്ജ് വിജയകുമാര്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്ത അദാലത്തില്‍ എല്ലാ കുടുംബത്തിനും ഓരോ ഏക്കര്‍ വീതം ഭൂമിയും വീടും കുടിവെള്ള സൗകര്യവും
ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള സൗകര്യവും വട്ടത്തുവയലില്‍ ഒരുക്കുന്നതിന് തീരുമാനായി. ഇതു നടപ്പാക്കുന്നതിന് ഊരുകൂട്ടത്തിന്റെ കൂടി അംഗീകാരം വാങ്ങുന്നതിനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളനിവാസികളുടെ ദുരിതാശ്വാസ ക്യാമ്പ്് പ്രവര്‍ത്തിക്കുന്ന കാടാശ്ശേരി ആള്‍ട്ടര്‍നേറ്റ് സ്‌കൂളില്‍ ചേര്‍ന്ന ഊരുകൂട്ടം മാറി താമസിക്കുന്നതിനുള്ള തീരുമാനം അംഗീകരിക്കുകയായിരുന്നു. ഊരുകൂട്ടത്തില്‍ പരപ്പന്‍പാറ കോളനിയിലെ രണ്ടു കുടുംബങ്ങളൊഴിച്ച് ബാക്കി 10 കുടുംബങ്ങളും പങ്കെടുത്തു. ഊരുമൂപ്പന്‍ ചെറിയ വെളുത്തയുടെ അഭാവത്തില്‍ ഊരിലെ ഏക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ബാബു അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന ഉദ്ഘാടനം ചെയ്തു. പുനരധിവാസ
പ്രവര്‍ത്തനങ്ങളും മറ്റിതര ഭാവി പ്രവര്‍ത്തനങ്ങളും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യഹ്യാഖാന്‍ തലക്കല്‍ വിശദീകരിച്ചു. ഫോറസ്റ്റര്‍ അഷ്റഫ്, ക്യാമ്പ്് കോ-ഓഡിനേറ്റര്‍ രാജേഷ്, ഊരിലെ അംഗങ്ങളായ ചെല്ലന്‍, സോമന്‍, ചെറിയ സുരേഷ്, വാര്‍ഡ് അംഗം പി. ഹരിഹരന്‍, ട്രൈബല്‍ പ്രമോര്‍ട്ടര്‍ ശ്യാമള എന്നിവര്‍ സംസാരിച്ചു.