ഗുരുസ്വാമി മണികണ്ഠന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ നിന്നെത്തിയ 25 പേരടങ്ങുന്ന ശ്രീധര്‍മ്മശാസ്താ ഭജനസംഘം വെള്ളിയാഴ്ച്ച രാവിലെ സന്നിധാനത്തെ അയ്യപ്പ ഭക്തരെ ഭക്തിഗാനാര്‍ച്ചനയിലൂടെ ആസ്വാദനത്തിന്റെ ഉന്നതിയിലെത്തിച്ചു. ഹരിഹരനാണ് ഭക്തിഗാനാര്‍ച്ചനക്ക് നേതൃത്വം നല്‍കിയത്. വര്‍ഷങ്ങളായി ഗുരുസ്വാമി മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് ദര്‍ശനത്തിനെത്താറുണ്ടെങ്കിലും വലിയ നടപ്പന്തലിലെ ഭക്തിഗാനാര്‍ച്ചന അവതരിപ്പിക്കുന്നത് ആദ്യമായാണ്.

താളവും മേളവും പാട്ടും മുറുകിയതോടെ ആസ്വാദകരുടെ എണ്ണമേറി. മൂന്ന് മണിക്കൂറിലേറെ സമയം ഭക്തിഗാനാര്‍ച്ചന നീണ്ടു. തമിഴ്, മലയാളം ഭാഷകളിലാണ് സംഘം ഗാനങ്ങളധികവും ആലപിച്ചത്. ഭജന സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്തവരാണ്. ഗുരുസ്വാമി മണികണ്ഠന്‍ തമിഴ്‌നാട് പോലീസില്‍ ജോലി ചെയ്യുന്നു. ഹരിഹരന്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ് ജോലി ചെയ്യുന്നു. ശബരീശ സന്നിധിയില്‍ ഭക്തിഗാനാര്‍ച്ചന അര്‍പ്പിച്ച് ആത്മീയ സായൂജ്യമണഞ്ഞ സംഘം മകരജ്യോതി ദര്‍ശനവും കഴിഞ്ഞേ മലയിറങ്ങൂ.