തുല്യത, മതേരത്വം, സാമൂഹ്യനീതി എന്നിവ അടിസ്ഥാനമാക്കിയ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ അനിവാര്യമാണെന്നും ഗുണമേൻമയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഉന്നതമൂല്യമുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്നും വിദഗ്ധർ. നിയമസഭാ പുസ്തകോത്സവത്തിൽ ‘ദേശീയ വിദ്യാഭ്യാസ നയവും കേരളവും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലറും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമായ ഡോ. ബി ഇക്ബാൽ, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി എഡിറ്റർ പ്രൊഫ. ഗോപാൽ ഗുരു, കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല, കേരള യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ പി പി അജയകുമാർ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ അഭിപ്രായം പങ്കുവച്ചത്. പുതിയ ദേശീയ വിദ്യാഭ്യാസനയം സ്വകാര്യവത്ക്കരണത്തിലേക്കും കച്ചവടവൽക്കരണത്തിലേക്കും വഴിതെളിക്കുന്നതാണെന്നും അവർ വ്യക്തമാക്കി.
വിദ്യാർത്ഥികളെ വിദേശത്ത് പഠിപ്പിച്ച് വൈദഗ്ധ്യം നേടാമെന്ന മുൻ പ്രവണതയ്ക്കു പകരം ഇപ്പോൾ മസ്തിഷ്‌ക ചൂഷണമാണ് നടക്കുന്നതെന്ന് ഡോ. ബി ഇക്ബാൽ ചൂണ്ടിക്കാട്ടി. നിലവിൽ നാലര ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ട്. മൂന്നുലക്ഷം കോടിരൂപയാണ് രാജ്യത്തു നിന്നും വിദേശത്തെ പഠനാർത്ഥം ചെലവഴിക്കപ്പെടുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലൂന്നി വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുകയെന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനാകുമോ എന്നതിൽ സംശയമുണ്ട്. വരേണ്യവൽക്കരണത്തിൽ നിന്നും സമത്വാധിഷ്ഠിത വിദ്യഭ്യാസമാണ് വേണ്ടത്. അക്കാദമിക് സമൂഹത്തിന്റെ നിലവാരം ഉയർത്തേണ്ടതും അറിവും നൈപുണ്യവും നിരന്തരം പുതുക്കേണ്ടതും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുണമേൻമയുള്ള വിദ്യാഭ്യാസം ഗുണമേൻമയുള്ള ജീവിതത്തിലേക്കാണ് നയിക്കുന്നതെന്ന് പ്രൊഫ. ഗോപാൽ ഗുരു പറഞ്ഞു. കൂടുതൽ മാനവീയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകണം. ഏതു വിഷയം പഠിപ്പിച്ചാലും നൈതികതയ്ക്കും പ്രാധാന്യം നൽകണം. ഉദ്യോഗത്തിനൊപ്പം മനുഷ്യത്വത്തിനാണ് വിലകൽപ്പിക്കേണ്ടത്. ഡിജിറ്റൽ മുന്നേറ്റത്തിനിടയിൽ ധാർമ്മികത കൈവിടരുത്. ദേശീയ ശരാശരിയേക്കാൾ കൂടുതൽ തുക വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കുമായി ചെലവിടുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവകാശത്തേയും സംവരണത്തേയും അട്ടിമറിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്നും ഇത് ഭരണഘടനാ മൂല്യങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും ഡോ പി എസ് ശ്രീകല പറഞ്ഞു. കേരളവും തമിഴ്നാടും മാത്രമാണ് ഇതിൽ അഭിപ്രായം ഉന്നയിച്ചിട്ടുള്ളത്. എല്ലാ സംസ്ഥാനത്തിനും ഈ നയം സ്വീകാര്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പുതിയനയം എല്ലാവരേയും പരിഗണിക്കുന്നില്ലെന്നും അധികാരപ്രയേഗത്തിനുവേണ്ടിയുള്ള ഉപകരണമായി മാറാൻ സാധ്യതയുണ്ടെന്നും മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കുറ്റപ്പെടുത്തി.
നയം പുതിയ സാധ്യതകൾക്ക് വഴിതെളിക്കുമെങ്കിലും പ്രായോഗിക തലത്തിൽ പ്രതിസന്ധികൾ ക്ഷണിച്ചുവരുത്തുമെന്ന് ചർച്ചയിൽ മോഡറേറ്ററായിരുന്ന കേരള യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസർ പി പി അജയകുമാർ ചൂണ്ടിക്കാട്ടി. പരിധിയില്ലാതെ ക്രെഡിറ്റ് നേടുന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.